
വാഷിംഗ്ടൺ: വ്യാഴാഴ്ച യുഎസ് ഇമിഗ്രേഷൻ അധികൃതർ ജോർജിയയിലെ ഹ്യുണ്ടായ് ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ് നടത്തി. ഇതിനെ തുടർന്ന് ബാറ്ററി പ്ലാന്‍റിന്‍റെ നിർമ്മാണം നിർത്തിവയ്ക്കുകയും 450-ൽ അധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജോർജിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വികസന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന സവന്നയുടെ പടിഞ്ഞാറുള്ള 3,000 ഏക്കർ സ്ഥലത്ത് ഏകദേശം 1,200 പേർ ജോലി ചെയ്യുന്നുണ്ട്. ഒരു വർഷം മുമ്പാണ് ഇവിടെ ഇവി ഉൽപ്പാദനം ആരംഭിച്ചത്. “നിയമവിരുദ്ധമായ തൊഴിൽ രീതികളും മറ്റ് ഗുരുതരമായ ഫെഡറൽ കുറ്റകൃത്യങ്ങളും സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്എസ്ഐ) തിരച്ചിൽ വാറന്റ് നടപ്പാക്കി,” ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പറഞ്ഞു.
“ഇന്ന്, എച്ച്എസ്ഐ, എഫ്ബിഐ, ഡിഇഎ, ഐസിഇ, ജിഎസ്പി, മറ്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് എടിഎഫ് അറ്റ്ലാന്‍റ, ജോർജിയയിലെ ബ്രയാൻ കൗണ്ടിയിലുള്ള ഹ്യുണ്ടായ് മെഗാസൈറ്റ് ബാറ്ററി പ്ലാന്‍റിൽ ഒരു വലിയ ഇമിഗ്രേഷൻ നിയമനടപടിയിൽ പങ്കെടുത്തു. ഏകദേശം 450 നിയമവിരുദ്ധരായ വിദേശികളെ പിടികൂടി. സമൂഹത്തിന്റെ സുരക്ഷയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് ഊന്നിപ്പറയുന്നു,” ബ്യൂറോ ഓഫ് ആൽക്കഹോൾ, ടൊബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സിന്റെ അറ്റ്ലാൻ്റ ഓഫീസ് എക്സിൽ കുറിച്ചു.
ഓപ്പറേഷൻ നടക്കുന്ന സമയത്ത് ജോർജിയ സ്റ്റേറ്റ് പട്രോൾ ഫെസിലിറ്റിയിലേക്കുള്ള പ്രവേശനം തടഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തൊഴിലാളികളോട് ആവശ്യപ്പെടുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹ്യുണ്ടായ് വാഹന നിർമ്മാണ പ്ലാന്‍റിന്‍റെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും എന്നാൽ ബാറ്ററി പ്ലാൻ്റിൻ്റെ നിർമ്മാണം നിർത്തിവെച്ചതായും ഹ്യുണ്ടായ് അറിയിച്ചു.