
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിന്നല്‍ പ്രളയത്തില്‍ ദുരിതം ഏറുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 46 ആയി ഉയര്‍ന്നിട്ടുണ്ട്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരില്‍ 2 സി ഐ എസ് എഫ് ജവാന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. 167 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 200 ല്‍ അധികം പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും എത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്.
ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലെഫ്റ്റനന്റ് ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും സംസാരിച്ചതായും ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചുപോയതായും എക്സിലൂടെ പറഞ്ഞു.