
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള നാല്‍പ്പത്തിയെട്ട് കുടിയേറ്റ തൊഴിലാളികള്‍ വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ കുടുങ്ങിക്കിടക്കുന്നതായും ഭക്ഷണത്തിനുപോലും വകയില്ലാതെ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ് ഇവരെ ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനം വഴിയാണ് അവരെ ജോലിക്കെടുത്തതെന്നാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച തൊഴിലാളികളുമായി ജാര്‍ഖണ്ഡ് തൊഴില്‍ വകുപ്പ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ടുണീഷ്യയില്‍ നിന്നുള്ള തന്റെ ദുരവസ്ഥ വിവരിക്കുന്ന ഒരു വീഡിയോ, കുടുങ്ങിപ്പോയ തൊഴിലാളികളില്‍ ഒരാള്‍ പുറത്തുവിട്ടു. 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും ‘ഞങ്ങളെ ജയിലിലടയ്ക്കുമെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നും ഭീഷണിപ്പെടുത്തി’ എന്നും അദ്ദേഹം വീഡിയോയില്‍ അവകാശപ്പെട്ടു.
‘ടുണീഷ്യയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കുടുങ്ങിക്കിടക്കുന്നതായി ആരോപിക്കപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുമായി ഞങ്ങള്‍ സംസാരിച്ചു, അവരുടെ രേഖകള്‍ പരിശോധിച്ചുവരികയാണ്. അവര്‍ക്ക് സുരക്ഷിതമായി തിരിച്ചെത്താന്‍ സൗകര്യമൊരുക്കുന്നതിനായി ടുണീഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്,’ ജാര്‍ഖണ്ഡ് തൊഴില്‍ വകുപ്പിന് കീഴിലുള്ള മൈഗ്രന്റ് കണ്‍ട്രോള്‍ സെല്ലിന്റെ മേധാവി ശിഖ ലക്ര പറഞ്ഞു.
48 Indians stranded in Tunisia; forced to work without any payment.










