
കല്‍പ്പറ്റ : വയനാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ആകെ നാണക്കേടിലാക്കുന്ന സംഭവ വികാസങ്ങള്‍ക്കു പിന്നാലെ വിവാദങ്ങളെക്കുറിച്ച് വിവരം തേടി പ്രിയങ്ക ഗാന്ധി എം പി. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് വയനാട്ടില്‍ 10 വര്‍ഷത്തിനിടെ മരിച്ചത് 5 നേതാക്കളാണ്. ഡി സി സി നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചാണ് പലരും ജീവനൊടുക്കിയത്. പാര്‍ട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലാണ് വയനാട് കോണ്‍ഗ്രസ് നിലവില്‍. സംസ്ഥാന നേതൃത്വം വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നിരിക്കെയാണ് പ്രിയങ്കയുടെ ഇടപെടല്‍.
ഡി സി സി ജനറല്‍ സെക്രട്ടറി പിവി.ജോണ്‍, ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്‍, മകന്‍ ജിജേഷ്, പാര്‍ട്ടി അനുഭാവിയും നേതാക്കളുടെ വിശ്വസ്തനുമായ രാജേന്ദ്രന്‍ നായര്‍, വാര്‍ഡ് മെമ്പര്‍ ജോസ് നല്ലേടം എന്നിവരാണ് അഞ്ച് വര്‍ഷത്തിടെ വയനാട്ടില്‍ ജീവനൊടുക്കിയത്. 2024ല്‍ ആത്മഹത്യ ചെയ്ത മുന്‍ ട്രഷറര്‍ എന്‍എം വിജയന്റെ മരുമകള്‍ പത്മജ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ആയിരുന്നു ആത്മഹത്യാ ശ്രമം. ഞരമ്പ് മുറിച്ച ഇവര്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാങ്കുകളില്‍ നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് കോടികള്‍ ഡി സി സി നേതാക്കള്‍ തട്ടിയെടുത്തിരുന്നു. ഒടുവില്‍ ഈ ബാധ്യത എന്‍ എം വിജയന്റെ തലയിലായി. തുടര്‍ന്നാണ് ഭിന്നശേഷിക്കാരനായ മകന്‍ ജിജേഷിനു വിഷം കൊടുത്ത ശേഷം വിജയനും ജീവനൊടുക്കിയത്.
ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരില്‍ നേതാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മനോവിഷമത്തിലാണ് കഴിഞ്ഞ ദിവസം മുള്ളന്‍കൊല്ലി മണ്ഡലം വൈസ് പ്രസിഡന്റും വാര്‍ഡ് അംഗവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്യുന്നത്. എതിര്‍വിഭാഗത്തിലുള്ളവര്‍ വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടില്‍ സ്‌ഫോടക വസ്തുക്കളും കര്‍ണാടക മദ്യവും കൊണ്ടുവച്ച് കള്ളക്കേസില്‍ കുടുക്കിയിരുന്നു. ഇതിന് പിന്നില്‍ ജോസും ഉണ്ടെന്ന് ആരോപണുയര്‍ന്നതോടെയാണ് മനോ വിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.