
വാഷിംഗ്ടണ്‍ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചെമ്പിന് 50 ശതമാനവും മരുന്നുകള്‍ക്ക് 200 ശതമാനവും തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് സമാനമായാണ് ചെമ്പിനും തീരുവ ഏര്‍പ്പെടുത്തുക.
ട്രംപ് നേരത്തേ പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ചെമ്പിന് 50 ശതമാനവും മരുന്നിന് 200 ശതമാനവും തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണി. എന്നാല്‍, മരുന്നിന് ഒറ്റയടിക്ക് 200% തീരുവയിലേക്ക് നീങ്ങില്ലെന്നും കമ്പനികള്‍ ഔഷധ നിര്‍മാണശാലകള്‍ ഉടന്‍ യുഎസിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
ജൂലൈ അവസാനമോ ഓഗസ്റ്റ് 1-നോ നിരക്ക് നടപ്പിലാക്കാൻ സാധ്യതയുണ്ടെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് സിഎൻബിസിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപ് ബംഗ്ലദേശ്, ജപ്പാൻ എന്നിവ ഉൾപ്പെടെ 14 രാജ്യങ്ങൾക്കുമേൽ 40% വരെ തീരുവ പ്രഖ്യാപിച്ചിരുന്നു. യുഎസുമായി ചർച്ചകൾക്ക് വഴങ്ങാതെ പ്രതിരോധിക്കാനാണ് നീക്കമെങ്കിൽ തീരുവ 70 ശതമാനം വരെ ഉയർത്തുമെന്നും മുന്നറിയിപ്പുണ്ട്.