
തൃപ്പൂണിത്തുറ : യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനായ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയില്‍ ഏഴ് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സംഘം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ എത്തി പരിശോധന നടത്തുകയാണ്.
ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം എത്തിയതും പരിശോധന നടത്തിയതും. ഇവിടെ 9 പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നതായും വിവരമുണ്ട്. റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും. വോയിസ് ഓഫ് വോയ്‌സ്ലെസ്സ് വേടന്റെ ശ്രദ്ധേയ ആല്‍ബമാണ്. മഞ്ഞുമ്മൽ ബോയ് സിനിമയിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിന്‍റെ വരികൾ വേടന്റെ ആണ്.
വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രമുഖ യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവര്‍ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും പിടിയിലായിരുന്നു. മലയാള സിനിമയിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ വ്യാപക പരാതികളും വിമര്‍ശനങ്ങളും ഉയരുന്നതിനിടെയാണ് വേടനും പിടിയിലാകുന്നത്. ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ഇന്ന് ചോദ്യം ചെയ്യലിന് വിധേയരായിട്ടുമുണ്ട്.