ബോയിംഗ് 737 വിമാനങ്ങളിലെ പ്രധാന പ്രശ്നം, 2018ൽ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നൽകിയ മുന്നറിയിപ്പ്; നിർണായക റിപ്പോർട്ട്

അഹമദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം (AI 171) തകർന്നു വീണ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായതാണ് അപകടമുണ്ടായതിന് പ്രധാന കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇപ്പോൾ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) 2018ൽ തന്നെ ബോയിംഗ് 737 ജെറ്റുകളിലെ ഒരു പ്രധാന പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്.

2018 ഡിസംബറിൽ എഫ്എഎ പുറപ്പെടുവിച്ച പ്രത്യേക എയർവർത്തിനസ് ഇൻഫർമേഷൻ ബുള്ളറ്റിൻ (SAIB) പ്രകാരം, ചില ബോയിങ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് ഫീച്ചർ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് ഒരു അപകടകരമായ അവസ്ഥയായി കണക്കാക്കപ്പെട്ടില്ല. അതിനാൽ, അപകടകരമായ അവസ്ഥകൾ തിരുത്തുന്നതിനുള്ള നിയമപരമായി നിർബന്ധിതമായ എയർവർത്തിനസ് ഡയറക്ടീവ് (AD) പുറപ്പെടുവിക്കേണ്ടതില്ലെന്ന് തീരുമാനിക്കപ്പെട്ടു.

വിമാനത്തിന്‍റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്നത് ഈ സ്വിച്ചുകളാണ്. എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യാനും ഓഫ് ചെയ്യാനും പൈലറ്റുമാർ ഇവ ഉപയോഗിക്കുന്നു. പറക്കുന്നതിനിടെ എഞ്ചിൻ തകരാർ സംഭവിക്കുകയാണെങ്കിൽ എഞ്ചിനുകൾ ഷട്ട് ഡൗൺ ചെയ്യാനും റീസ്റ്റാർട്ട് ചെയ്യാനും ഇവ ഉപയോഗിക്കാം. ദുരന്തത്തിനിരയായ വിമാനത്തിന്‍റെ കാര്യത്തിൽ, ടേക്ക് ഓഫ് ചെയ്ത് മൂന്ന് സെക്കൻഡിനുള്ളിൽ വിമാനത്തിന്‍റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ റൺ പൊസിഷനിൽ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് ഒരു സെക്കൻഡിനുള്ളിൽ മാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഇത് അബദ്ധത്തിൽ സംഭവിച്ചതാണോ മനഃപൂർവം ചെയ്തതാണോ എന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) റിപ്പോർട്ടിൽ പറയുന്നില്ല. കോക്ക്പിറ്റ് വോയിസ് റെക്കോർഡറിൽ നിന്നുള്ള പൈലറ്റുമാരുടെ സംഭാഷണം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇന്ധനം കട്ട് ഓഫ് ചെയ്തത് എന്തിനാണെന്ന് ഒരു പൈലറ്റ് മറ്റേയാളോട് ചോദിക്കുന്നത് കേൾക്കാം. താൻ ചെയ്തില്ലെന്നാണ് മറ്റേ പൈലറ്റ് മറുപടി നൽകുന്നത്.

More Stories from this section

family-dental
witywide