
കരൂർ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്.
അതിനിടെ തമിഴക വെട്രി കഴകത്തിന്റെ ജനറൽ സെക്രട്ടറി എൻ.ആനന്ദിനും കരൂർ ജില്ലാ ഭാരവാഹികൾക്കുമെതിരെ മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചെന്ന റിപ്പോർട്ടും വരുന്നുണ്ട്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്.
അതേസമയം, കരൂർ ദുരന്തത്തിൻ്റെ വീഴ്ചകൾ അക്കമിട്ട് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പതിനായിരം പേർക്കാണ് അനുമതി തേടിയതെങ്കിലും ടിവികെ റാലികളുടെ സ്വഭാവം പരിഗണിച്ചുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയതായും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.