
ഷിക്കാഗോ: ഷിക്കാഗോയില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) വകുപ്പിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതോടെ 66 വയസ്സുള്ള സ്ത്രീക്ക് പരുക്കേറ്റു. കാര്‍ പാഞ്ഞു വരുന്നത് കണ്ട് എല്ലാവരും ഓടി മാറിയെങ്കിലും റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹീതര്‍ ബ്ലെയര്‍ എന്ന സ്ത്രീക്ക് ഓടാനായില്ല. ഇതോടെ ഇവരെ കാര്‍ ഇടിച്ചിടുകയായിരുന്നു. ഉടന്‍ ഇവരെ നോര്‍ത്ത് വെസ്റ്റേണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കൈക്ക് ഒടിവുള്ളതായാണ് റിപ്പോര്‍ട്ട്. മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണിവര്‍.
ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈസ്റ്റ് മണ്‍റോ സ്ട്രീറ്റിലെ 0-100 ബ്ലോക്കിലെ ജനക്കൂട്ടത്തിനിടയിലേക്കാണ് കാര്‍ ഓടിച്ചുകയറ്റിയതെന്ന് ഷിക്കാഗോ പൊലീസ് വകുപ്പ് സ്ഥിരീകരിച്ചു.
ഒരു ചുവന്ന കാര്‍ അതിവേഗം പാഞ്ഞുവന്ന് ആളുകള്‍ക്കിടയിലേക്ക് കയറുന്നതും ഒരു സ്ത്രീ നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രാദേശിക സമയം
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.