
തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാംഗം കെ രാധാകൃഷ്ണന്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പ്രത്യേകിച്ചും കേരളത്തിലെ സിപിഐഎമ്മിനും വലിയ നഷ്ടമാണ് വി എസിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും കര്‍ഷകരെ അടിമകളായി കണ്ട ഒരു കാലത്ത് വി എസ് നടത്തിയ സമരപോരാട്ടങ്ങള്‍ അനുസ്മരിക്കപ്പെടുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
പ്രതികൂല സാഹചര്യത്തിലൂടെയാണ് വി എസ് കടന്നുവന്നത്. ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് അദ്ദേഹം നേതാവായി വളര്‍ന്നത്. പൊളിറ്റ് ബ്യൂറോയില്‍ അടക്കം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കര്‍ഷകരെ സംഘടിപ്പിക്കുക എന്നത് പ്രധാനമഖേലയായി കണ്ട് പ്രവര്‍ത്തിച്ച നേതാവാണ് വി എസ്. കര്‍ഷ തൊഴിലാളികളെ അവകാശ ബോധമുള്ളവരായി മാറ്റുന്നതില്‍ വലിയ പങ്കാണ് വി എസ് വഹിച്ചതെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 3. 20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ ഇല്ലാതെയാകുന്നത്.