‘ഗാസയ്ക്കായി പ്രതീക്ഷയുടെ കുപ്പി’: ഭക്ഷണം നിറച്ച കുപ്പികൾ കടലിലേക്ക് എറിഞ്ഞ് ഈജിപ്ഷ്യന്‍ ജനത

കയ്‌റോ: കൊടുംപട്ടിണിയിലായ ഗാസയിലേക്ക് ബോട്ടിലുകളില്‍ പ്രതീകാത്മകമായി ഭക്ഷ്യധാന്യങ്ങളയച്ച് ഈജിപ്ഷ്യന്‍ ജനത. ‘കടലില്‍ നിന്ന് കടലിലേക്ക്- ഗാസയ്ക്കായി പ്രതീക്ഷയുടെ ഒരു കുപ്പി’ എന്ന പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചാണ് ഭക്ഷ്യവസ്തുക്കളടങ്ങിയ കുപ്പികള്‍ കടലിലേക്ക് എറിഞ്ഞത്. അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേല്‍ ഉപരോധത്തില്‍ ഭക്ഷണ സാധനങ്ങൾ എത്താതെ കൊടും പട്ടിണിയിലായ ഗാസയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അരിയും ധാന്യങ്ങളും പയറും മറ്റ് ഉണക്കിയ ഭക്ഷ്യവസ്തുക്കളുമാണ് ഒരുലിറ്ററിന്റെയും രണ്ട് ലിറ്ററിന്റെയും കുപ്പികളില്‍ നിറച്ച് മെഡിറ്ററേനിയന്‍ കടലിലേക്ക് ഈജിപ്റ്റുകാര്‍ ഒഴുക്കുന്നത്.

മെഡിറ്ററേറിനയന്‍ അതിര്‍ത്തി പങ്കിടുന്ന ലിബിയ, ടുണീഷ്യ, അൾജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളോടും ക്യാംപെയ്‌നില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ഉപരോധം ഗാസയെ പട്ടിണിയിലാക്കുന്നതിലുള്ള പ്രതിഷേധ സൂചകമായാണ് കുപ്പികള്‍ കടലിലേക്ക് എറിഞ്ഞതെന്ന് ക്യാംപെയ്‌നില്‍ പങ്കെടുത്തയാളുകള്‍ പറഞ്ഞു. കുട്ടികളുള്‍പ്പെടെ ഗാസയിലെ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങള്‍ക്കായി ഭക്ഷ്യധാന്യങ്ങള്‍ കുപ്പികളില്‍ നിറയ്ക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിവിധ മനുഷ്യാവകാശ ഏജൻസികൾ വ്യക്തമാക്കുന്നത് അതിര്‍ത്തികളില്‍ ഇസ്രയേല്‍ ഉപരോധം കടുപ്പിച്ചതോടെ കൊടും പട്ടിണിയുടെ പിടിയിലാണ് ഗാസ എന്നാണ് . മരുന്നും ഭക്ഷണവും പോഷകാഹാരവുമില്ലാതെ മരിച്ചവരുടെ എണ്ണം 113 ആയി. കുട്ടികളുള്‍പ്പെടെയാണ് കൊടും പട്ടിണി മൂലം മരിക്കുന്നത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലം മൂന്നുദിവസത്തിനിടെ മാത്രം ഗാസയില്‍ 21 കുട്ടികളാണ് മരിച്ചത്. ഗാസയില്‍ അടിയന്തരമായി ഇടപെടണമെന്ന് സന്നദ്ധസംഘടനകളും മനുഷ്യാവകാശ സംഘടനകളും തുടങ്ങി 111 സംഘടനകളാണ് സംയുക്ത പ്രസ്താവനയിലൂടെ ലോക രാജ്യങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

More Stories from this section

family-dental
witywide