രണ്ട് വരിയിൽ മാര്‍പ്പാപ്പയെ അനുശോചിച്ച് ഡോണൾഡ് ട്രംപ്; ‘മതിലുകൾ പണിയുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന വ്യക്തി’, ട്രംപ് നയങ്ങളെ വിമർശിച്ചിരുന്ന പോപ് ഫ്രാൻസിസ്

വാഷിംഗ്ടൺ: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്‍റെ വേദനയിലാണ് ലോകം. 88 -ാം വയസിൽ ജീവിതത്തിൽ നിന്ന് വിടവാങ്ങിയ ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അനുശോചിച്ചു. പോപ്പ് ഫ്രാൻസിസ് സമാധാനത്തോടെ വിശ്രമിക്കട്ടെ! ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന രണ്ട് വരി ട്രൂത്ത് സോഷ്യൽ പോസ്റ്റില്‍ കുറിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ട്രംപും മാര്‍പ്പാപ്പയും പല തവണ ഏറ്റുമുട്ടിയിരുന്നു. ട്രംപ് വൈറ്റ് ഹൗസിൽ എത്തുന്നതിന് വർഷങ്ങൾക്ക് മുൻപ്, 2013ൽ മാര്‍പ്പാപ്പയെ പുകഴ്ത്തിയിരുന്നു. “പുതിയ പോപ്പ് വിനയമുള്ള ഒരു മനുഷ്യനാണ്, എന്നെപ്പോലെ തന്നെ, അതുകൊണ്ടായിരിക്കാം എനിക്കദ്ദേഹത്തെ ഇത്രയധികം ഇഷ്ടം!” ഫ്രാൻസിസ് പോപ്പായതിന് ഏതാനും മാസങ്ങൾക്ക് ശേഷം, ആ വർഷം ഡിസംബറിൽ ട്രംപ് ട്വീറ്റ് ചെയ്തു.

എന്നാൽ പിന്നീട് കാര്യങ്ങൾ വഷളായി. 2016-ലെ തിരഞ്ഞെടുപ്പ് സമയത്ത്, യുഎസ്-കാനഡ അതിർത്തിയിൽ മതിൽ പണിയാനുള്ള ട്രംപിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ നിർദ്ദേശത്തെ ഫ്രാൻസിസ് ശക്തമായി വിമർശിച്ചു. “മതിലുകൾ പണിയുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും പാലങ്ങൾ പണിയുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, അവരെവിടെയാണെങ്കിലും, ക്രിസ്ത്യാനിയല്ല,” പോപ്പ് ഫ്രാൻസിസ് അക്കാലത്ത് പറഞ്ഞു.

തന്‍റെ പ്രചാരണ വേളയിൽ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ നേതാക്കളെയും വോട്ടർമാരെയും ശക്തമായി ആകർഷിച്ച ട്രംപ് ഉടൻ തന്നെ തിരിച്ചടിച്ചു. “ഒരു മതനേതാവ് ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ലജ്ജാകരമാണ്.” എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. “ഐസിസ് വത്തിക്കാനെ ആക്രമിക്കുകയാണെങ്കിൽ, അത് ഐസിസിൻ്റെ പരമമായ ലക്ഷ്യമാണെന്ന് എല്ലാവർക്കും അറിയാം, ഡോണാൾഡ് ട്രംപ് പ്രസിഡന്റായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് പോപ്പ് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നുവെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

2017-ൽ വത്തിക്കാനിലേക്കുള്ള യാത്രയിൽ ട്രംപ് പോപ്പിനെ കണ്ടുമുട്ടി. അദ്ദേഹം ഒരു പ്രത്യേക വ്യക്തിയാണ്. മികച്ച കൂടിക്കാഴ്ചയായിരുന്നു എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. സന്ദർശനത്തിൽ നിന്നുള്ള ഒരു ഫോട്ടോയിൽ, ട്രംപ് സന്തോഷത്തോടെ ചിരിക്കുകയും ദുഃഖിതനായി കാണപ്പെടുന്ന പോപ്പ് ഫ്രാൻസിസ് അടുത്ത് നിൽക്കുകയും ചെയ്യുന്ന ചിത്രം പെട്ടെന്ന് വൈറലായി. ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം, ട്രംപിൻ്റെ രണ്ടാമത്തെ ഭരണകൂടം കുടിയേറ്റത്തിനെതിരെ കർശന നടപടികൾ സ്വീകരിച്ചപ്പോൾ, പോപ്പ് വീണ്ടും പ്രസിഡൻ്റിൻ്റെ നയങ്ങളെ പരസ്യമായി വിമർശിച്ചു. വലിയ പ്രതിസന്ധി എന്നാണ് ട്രംപിന്‍റെ നീക്കങ്ങളെ മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്.

More Stories from this section

family-dental
witywide