
വാഷിംഗ്ടണ്‍ : ക്ലീനിംഗ് സംഘത്തിലെ അംഗമായിരുന്ന 32 വയസ്സുകാരിയെ അബദ്ധത്തില്‍ വെടിവച്ചുകൊലപ്പെടുത്തി. ഇന്ത്യാനയിലെ ഒരു വീട്ടില്‍ ക്ലീനിംഗിനായെത്തിയ സംഘത്തിന് വീടുമാറിപ്പോകുകയും, ഇവര്‍ അതിക്രമിച്ചെത്തിയതാണെന്ന് വീട്ടുടമ തെറ്റുധരിക്കുകയും ചെയ്തതാണ് ദാരുണ മരണത്തിലേക്ക് വഴിമാറിയത്. മരണ സമയത്ത് യുവതിക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു.
വ്യാഴാഴ്ച ബൂണ്‍ കൗണ്ടി കൊറോണര്‍ ഓഫീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് ഇന്ത്യാനാപോളിസില്‍ നിന്നുള്ള 32 വയസ്സുള്ള മരിയ ഫ്‌ലോറിന്‍ഡ റിയോസ് പെരസ് ഡി വെലാസ്‌ക്വസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തലയ്ക്ക് വെടിയേറ്റാണ് അവര്‍ മരിച്ചതെന്നും കൊറോണര്‍ ഓഫീസ് പറഞ്ഞു.
ഇന്ത്യാനാപോളിസില്‍ നിന്ന് ഏകദേശം 20 മൈല്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വൈറ്റ്സ്ടൗണില്‍ ബുധനാഴ്ച രാവിലെയായിരുന്നു വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നുവെന്ന് കാട്ടി പൊലീസിനെ വിളിച്ചതും വീട്ടുടമയായിരുന്നു. പൊലീസ് എത്തിയപ്പോള്‍, വെടിയേറ്റ് മരിച്ചനിലയില്‍ സ്ത്രീയെ വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ നിന്നും കണ്ടെത്തിയെന്ന് വൈറ്റ്സ്ടൗണ്‍ മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ക്യാപ്റ്റന്‍ ജോണ്‍ ജുര്‍കാഷ് പറഞ്ഞു. വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വ്യക്തികള്‍ തെറ്റായ വിലാസത്തില്‍ എത്തിയ ക്ലീനിംഗ് സംഘത്തിലെ അംഗങ്ങളാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ഏഴ് മാസമായി അവര്‍ വീടുകള്‍ വൃത്തിയാക്കുകയായിരുന്നുവെന്നും അവര്‍ക്ക് വെടിയേറ്റപ്പോള്‍ താന്‍ അവരോടൊപ്പം ഉണ്ടായിരുന്നുവെന്നും തന്റെ കൈകളില്‍ കിടന്നാണ് അവര്‍ മരിച്ചതെന്നും വെലാസ്‌ക്വസിന്റെ ഭര്‍ത്താവ് പറഞ്ഞു.
A cleaning worker who had just enterd a house wrongly was accidentally shot dead.













