
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഒരു ജ്വല്ലറിയില്‍ മോഷണം നടത്തി കവര്‍ച്ചാ സംഘം. പത്തിലേറെ വരുന്ന ആളുകള്‍ കറുത്ത വസത്രവും മുഖംമൂടിയും ധരിച്ചെത്തിയാണ് കവര്‍ച്ച നടത്തി ശരവേഗത്തില്‍ രക്ഷപെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സാന്‍ ജോസിലെ കിം ഹോങ് ജ്വല്ലറിയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. സംഭവത്തിനിടെ ജ്വല്ലറിയുടമയ്ക്ക് സാരമായി പരുക്കേറ്റു. കവര്‍ച്ചാസംഘത്തിന്റെ വാഹനം കടയിലേക്ക് ഇടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു മോഷണം. തകര്‍ന്ന ഗ്ലാസില്‍ നിന്നാണ് കടയുടമയ്ക്ക് മുറിവേറ്റത്.
ഒരു ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ എസ്യുവി കടയുടെ മുന്‍വശത്തേക്ക് ഇടിച്ചു കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. മാസ്‌ക് ധരിച്ച പത്തിലേറെ മോഷ്ടാക്കള്‍ പാഞ്ഞെത്തി കൊള്ളയടിക്കുകയായിരുന്നു. സംഘത്തിന്റെ കൈവശം തോക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിനുമുമ്പ് പ്രതികള്‍ ഒന്നിലധികം വാഹനങ്ങളില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.