ട്രാന്‍സ് സൈനികരെ സേനയിൽ നിന്ന് നീക്കം ചെയ്യാനുള്ള ട്രംപിൻ്റെ പദ്ധതിക്ക് കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ: ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി കോടതി ഉത്തരവ്. സായുധസേനയിൽനിന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരെ ഒഴിവാക്കിയ ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറൽ കോടതി മരവിപ്പിച്ചു.

‘എല്ലാ മനുഷ്യരേയും സൃഷ്ടിച്ചത് തുല്യരായി’ ആണെന്ന് പ്രസ്താവിക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പരാമർശിച്ചുകൊണ്ടാണ് ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് കോടതി സസ്പെൻഡ് ചെയ്തത്.

ഈ മാസം അവസാനം പ്രാബല്യത്തിൽ വരാനിരുന്ന നിരോധനം ഭരണകൂടത്തിന് നടപ്പിലാക്കാൻ കഴിയില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി അന റെയ്‌സ് വിധിന്യായത്തിൽ വ്യക്തമാക്കി. മുൻ പ്രസിഡന്റ് ജോ ബൈഡനനാൽ നിയമിതനായ റെയ്‌സ്, ട്രംപിൻ്റെ ട്രാന്‍സ്ജെന്‍ഡര്‍ നിരോധനംത്തെ “വൈരാഗ്യത്തിൽ മുങ്ങിക്കുളിച്ചതും മുൻവിധിയോട് കൂടിയതുമാണെന്ന് പറഞ്ഞു. ട്രംപിൻ്റെ നയം ട്രാൻസ്‌ജെൻഡർ വ്യക്തികളെ ജന്മനാ അയോഗ്യരായി ചിത്രീകരിക്കുന്നു, അത്തരം നിഗമനങ്ങൾക്ക് വസ്തുതയുമായി യാതൊരു ബന്ധവുമില്ല” എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാൻസ്ജെൻഡർമാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളിൽനിന്ന് മാറ്റിനിർത്തുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനുവരി അവസാനം ഉത്തരവിട്ടിരുന്നു. നിലവിലുള്ള ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഉത്തരവ്. 2016-ൽ അന്നത്തെ പ്രസിഡന്റായ ബരാക് ഒബാമയാണ് ട്രാന്‍സ്ജെന്‍ഡർമാർക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള വിലക്ക് നീക്കിയത്. ഇത് സൈന്യത്തിലേക്ക് പുതിയ ട്രാന്‍സ്ജെന്‍ഡർ നിയമനങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ 2019-ൽ ആദ്യ ട്രംപ് ഭരണകൂടം ഇതിൽ നിയന്ത്രണം ഏർപ്പെടുത്തി.

2021-ൽ ജോ ബൈഡൻ ഈ നിയന്ത്രണങ്ങൾ ഇല്ലാതാക്കുകയും യോ​ഗ്യതയുള്ള എല്ലാ അമേരിക്കക്കാർക്കും രാജ്യത്തെ സേവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് വാദിക്കുകയും ചെയ്തു. രണ്ടാം ട്രംപ് ഭരണകൂടം അധികാരത്തിലേറിയതോടെയുള്ള ഇപ്പോഴത്തെ തീരുമാനം യു.എസ്. സേനയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ് സൈനികരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു.

A Federal judge blocks Trump’s ban on transgender service members

More Stories from this section

family-dental
witywide