
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മേനംകുളം വനിതാ ബറ്റാലിയനിലെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ എറണാകുളം സ്വദേശി അഷിതയ്ക്ക് പാമ്പുകടിയേറ്റെന്ന് സംശയം. വലതുകാലിലാണ് കടിയേറ്റിരിക്കുന്നത്. എന്നാല്‍, കടിച്ചത് പാമ്പാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ശരീരത്തില്‍ വിഷം പ്രവേശിച്ചിട്ടില്ലെന്നാണ് രക്തപരിശോധനയില്‍ നിന്നുള്ള പ്രാഥമിക വിവരം. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം ആശുപത്രിവിടാമെന്ന് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണിക്കുശേഷമാണ് കടിയേറ്റത് തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് അഷിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു.
അതേസമയം, ഞായറാഴ്ച വൈകീട്ട് ആറോടെ വനംവകുപ്പിന്റെ ടീം നടത്തിയ പരിശോധനയില്‍ സെക്രട്ടേറിയറ്റ് നോര്‍ത്ത് ഗേറ്റിനു സമീപത്തുനിന്ന് ഒരു പാമ്പിനെ പിടികൂടി. ഉദ്യോഗസ്ഥയെ കടിച്ചത് ഈ പാമ്പാണോ എന്നത് അറിവായിട്ടില്ല. സെക്രട്ടേറിയറ്റ് വളപ്പില്‍ കാടുകയറി വിഷജന്തുക്കളുടെ സാന്നിധ്യമുള്ളതായി ജീവനക്കാരുടെ സംഘടനകള്‍ മുമ്പ് പരാതിപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ജലവിഭവ വകുപ്പിന്റെ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍നിന്ന് പാമ്പുകളെ കണ്ടെത്തിയത്. പരാതിപ്പെടുന്ന വേളയില്‍ മാത്രമേ പരിസരം വൃത്തിയാക്കാന്‍ അധികൃതര്‍ തയ്യാറാവൂ എന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്.