
വാഷിംഗ്ടണ്‍: ട്രൂമാന്‍ വിമാനവാഹിനിക്കപ്പലിലേക്ക് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യുഎസ് യുദ്ധവിമാനം ലക്ഷ്യംതെറ്റി കടലില്‍ വീണു. എട്ട് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ വിമാനം കടലില്‍ പതിക്കുന്നത്.
യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പലില്‍ നിന്ന് വീണതിന് ശേഷം യുഎസ് യുദ്ധവിമാനം ചെങ്കടലില്‍ നഷ്ടപ്പെട്ടതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചൊവ്വാഴ്ച ഒരു എഫ്/എ-18എഫ് സൂപ്പര്‍ ഹോര്‍നെറ്റ് ട്രൂമാന്റെ ഫ്‌ലൈറ്റ് ഡെക്കില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പരാജയപ്പെടുകയായിരുന്നു. അതേസമയം, വിമാനത്തിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളും രക്ഷപെട്ടു. ഇരുവര്‍ക്കും നിസ്സാരപരുക്കേറ്റു. കടലില്‍ പതിച്ച ജെറ്റുകള്‍ക്ക് ഏകദേശം 67 മില്യണ്‍ ഡോളര്‍ വിലയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ഒരാഴ്ചയ്ക്കുമുമ്പ് മറ്റൊരു സംഭവത്തില്‍ ഒരു യുദ്ധവിമാനം അതേ കടലിലേക്ക് പതിച്ചിരുന്നു. അന്ന് ഒരു നാവികന് നിസ്സാര പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ച് ഇപ്പോഴും അന്വേഷിക്കുന്നുണ്ടെന്നും വിമാനം ഇതുവരെ വീണ്ടെടുക്കാനായിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.















