ഗാസയെ അത്യാധുനിക സാങ്കേതിക വിദ്യകളും ആഡംബര സൗകര്യങ്ങളുമുള്ള ആഗോള നഗരമാക്കാൻ 112.1 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി; ‘പ്രോജക്റ്റ് സൺറൈസ്’ മുന്നോട്ടുവെച്ചത് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്‌നർ

വാഷിംഗ്ടൺ: ഇസ്രയേലിൻ്റെ പ്രതികാര പ്രത്യാക്രമണത്തിൽ തകർന്ന ഗാസയുടെ പുനർനിർമ്മാണത്തിനായി 112 ബില്യൺ ഡോളറിന്റെ (ഏകദേശം 9.4 ലക്ഷം കോടി രൂപ) പദ്ധതി മുന്നോട്ടുവെച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്‌നർ . പ്രമുഖ അമേരിക്കൻ ബിസിനസുകാരനായ കുഷ്‌നറിനൊപ്പം യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ചേർന്നാണ് ഒരു ബൃഹദ് പദ്ധതി അവതരിപ്പിച്ചത്.

‘പ്രോജക്റ്റ് സൺറൈസ്’ (Project Sunrise) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ പ്രധാന
ലക്ഷ്യം യുദ്ധത്തിൽ തകർന്ന ഗാസയെ അത്യാധുനിക സാങ്കേതിക വിദ്യകളും ആഡംബര സൗകര്യങ്ങളുമുള്ള ഒരു ആഗോള നഗരമാക്കി മാറ്റുക എന്നതാണ്. ഇതിനെ “മിഡിൽ ഈസ്റ്റിലെ റിവിയേര” എന്നാണ് പദ്ധതിയിൽ വിശേഷിപ്പിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രിത ഊർജ്ജ സംവിധാനങ്ങൾ, അതിവേഗ റെയിൽപ്പാതകൾ, അത്യാധുനിക ടെക് ഹബ്ബുകൾ, ആഡംബര ബീച്ച് റിസോർട്ടുകൾ എന്നിവയടങ്ങുന്നതാണ് പദ്ധതി.പദ്ധതി പൂർത്തിയാക്കാൻ പത്ത് വർഷം വേണ്ടിവരും. ആദ്യ ഘട്ടത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും താമസക്കാർക്ക് താൽക്കാലിക പാർപ്പിടം ഒരുക്കുകയും ചെയ്യും. തുടർന്ന് റഫയെ ഒരു പുതിയ ഭരണകേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി നടത്തിപ്പിനായുള്ള മൊത്തം ചിലവിന്റെ ഏകദേശം 20 ശതമാനം (ഏതാണ്ട് 60 ബില്യൺ ഡോളർ ഗ്രാന്റായും കടം ഉറപ്പാക്കിയും) യുഎസ് നൽകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാക്കി തുകയ്ക്കായി ഖത്തർ, യുഎഇ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ നിക്ഷേപം തേടാനാണ് നീക്കം.

അതേസമയം, ചില നിബന്ധനകൾക്കു കീഴിലായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. അതിൽ ഹമാസ് പൂർണ്ണമായും നിരായുധീകരിക്കപ്പെടുക എന്നതടക്കമുള്ള കടുത്ത സുരക്ഷാ നിബന്ധനകളാണുള്ളത്. അതേസമയം, ഗാസയിൽ നിലവിലെ രണ്ട് ദശലക്ഷത്തോളം വരുന്ന ജനതയുണ്ട്. പുനർനിർമ്മാണ കാലയളവിൽ ഇവരെ എവിടെ പാർപ്പിക്കും എന്ന കാര്യത്തിൽ പദ്ധതിയിൽ വ്യക്തമായ നിർദ്ദേശങ്ങളില്ലാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് വൈറ്റ് ഹൌസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഔദ്യോഗിക പദവികൾ ഒന്നും സ്വീകരിച്ചിട്ടില്ലെങ്കിലും, വിദേശനയങ്ങളിൽ കുഷ്‌നർ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗാസയിലെ വെടിനിർത്തൽ ചർച്ചകളിലും ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിലും അദ്ദേഹം സജീവമാണ്. ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെയാണ് കുഷ്‌നർ വിവാഹം കഴിച്ചിരിക്കുന്നത്.

A massive $112.1 billion project to transform Gaza into a global city with cutting-edge technology and luxury amenities; ‘Project Sunrise’ was proposed by Trump’s son-in-law Jared Kushner.

More Stories from this section

family-dental
witywide