
ന്യൂയോര്‍ക്ക് : കപ്പല്‍ യാത്ര പലര്‍ക്കും വളരെ ഇഷ്ടമായിരിക്കും. അതും ആഡംബര കപ്പലിലൊരു അവധിക്കാലമെന്നാല്‍ സമ്പന്നരെ സംബന്ധിച്ച് അവരുടെ ഇഷ്ടയാത്രയുമായിരിക്കും. എന്നാല്‍ കപ്പല്‍ യാത്രയില്‍ത്തന്നെ ഇത്തിരി വെറൈറ്റിയായാലോ? വസ്ത്രമില്ലാതെ നഗ്നരായി കപ്പല്‍ യാത്ര എന്നൊരു ട്രെന്‍ഡ് തന്നെ ഇതാ ഉദയം ചെയ്തിരിക്കുന്നു. സംഗതി അമേരിക്കയിലാണ് നടക്കുക. വസ്ത്രങ്ങളില്ലാതെ കപ്പലില്‍ യാത്ര ചെയ്യാനുള്ള ചെലവ് കേട്ട് ഞെട്ടല്ലേ, 43 ലക്ഷം രൂപ വരെയാണ് ഇതിനായി ചിലവാകുക. യുഎസ് ആസ്ഥാനമായുള്ള ‘ബെയര്‍ നെസസിറ്റീസ്’ എന്ന കമ്പനിയാണ് ഇത്തരത്തില്‍ വെറൈറ്റിയായ കപ്പല്‍ യാത്രകള്‍ സംഘടിപ്പിക്കുന്നത്.
എന്തിനാണ് വസ്ത്രങ്ങള്‍ ഉപേക്ഷിച്ചൊരു യാത്ര ?
ശരീരത്തിന്റെ സൗന്ദര്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിലാണ് കമ്പനി ഇത്തരത്തിലൊരു ആഡംബര അവധിക്കാല യാത്രകള്‍ നടത്തുന്നത്. വസ്ത്രമില്ലെന്ന് കരുതി കപ്പലില്‍ സുരക്ഷയുണ്ടാകുമോ, എന്നതടക്കം ചില ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മാന്യതയും അന്തസ്സും നിലനിര്‍ത്താന്‍ കര്‍ശനമായ നിയമങ്ങള്‍ പാലിച്ചായിരിക്കും യാത്രക്കാര്‍ പെരുമാറേണ്ടത് എന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. വസ്ത്രങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് മോചിതരാകുമ്പോള്‍ യാത്രക്കാര്‍ക്ക് ‘കൂടുതല്‍ ആശ്വാസവും ആത്മവിശ്വാസവും’ അനുഭവിക്കാനാകുമെന്ന് കമ്പനി പറയുന്നു. ഈ ക്രൂസുകള്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് സമാനമായ ശൈലികള്‍ക്കോ വേണ്ടിയുള്ളതല്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. മോശമായ പെരുമാറ്റമോ മറ്റെന്തെങ്കിലും അനുചിതമായ സ്പര്‍ശനമോ ഉണ്ടായാല്‍ യാത്രക്കാരെ അടുത്ത തുറമുഖത്ത് ഇറക്കിവിടും. അത്തരം സാഹചര്യങ്ങളില്‍ പണം തിരികെ നല്‍കുകയുമില്ല.
നഗ്നത എല്ലായിടത്തും ?
കപ്പല്‍ യാത്രയില്‍ ഉടനീളം വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വരില്ല. നഗ്നയാത്ര എന്ന് പറയുന്നുണ്ടെങ്കിലും കപ്പലില്‍ എല്ലായിടത്തും നഗ്‌നരായിരിക്കാന്‍ അനുവാദമില്ല. ക്യാപ്റ്റന്റെ സ്വീകരണ മുറിയിലും, ഭക്ഷണം കഴിക്കുന്ന ഇടങ്ങളിലും, കലാപരിപാടികള്‍ നടക്കുന്നിടത്തും പ്രത്യേക ഡ്രസ് കോഡ് നിര്‍ബന്ധമാണ്. ഇതു കൂടാതെ കപ്പല്‍ ഏതെങ്കിലും തുറമുഖത്ത് അടുക്കുമ്പോഴും വസ്ത്രം ധരിക്കണം. ഭക്ഷണ സമയത്ത് ബാത്ത്‌റോബുകളോ, അടിവസ്ത്രങ്ങളോ, ഫെറ്റിഷ് വസ്ത്രങ്ങളോ ധരിക്കുന്നത് അനുവദനീയമല്ല. അതേസമയം, ബഫെ ഏരിയകളില്‍ മാത്രം വസ്ത്രം ധരിക്കുന്നതില്‍ ചെറിയ ഇളവുകളുണ്ട്. പൂളുകളും, ഡാന്‍സ് ഹാളുകളും പോലുള്ള സ്വകാര്യ ഇടങ്ങളില്‍ ആളുകള്‍ നഗ്നരാകുന്നതുകൊണ്ടുതന്നെ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ല.
യാത്ര എന്ന്?
‘ദി സീനിക് എക്ലിപ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ബെയര്‍ നെസസിറ്റീസിന്റെ വിനോദയാത്ര ഈ വര്‍ഷം ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 9 വരെയാണ് നടത്തുക. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സമാനമായ രീതിയില്‍ ഒരു കപ്പല്‍ യാത്ര നടന്നിരുന്നു. ഇത് 11 ദിവസമാണ് നീണ്ടുനിന്നത്. കപ്പലില്‍ അന്ന് ആയിരക്കണക്കിന് യാത്രക്കാര്‍ ഉണ്ടായിരുന്നു. അന്ന് ലഭിച്ച മികച്ച പ്രതികരണമാണ് മറ്റൊരു യാത്രയ്ക്ക് കമ്പനിയെ വീണ്ടും പ്രേരിപ്പിച്ചത്.