
പാകിസ്ഥാനിലെ ലാഹോറിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ട ഒരു വളർത്തു സിംഹം തെരുവിൽ വെച്ച് ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ആക്രമിച്ചു. അധികൃതർ സിംഹത്തെ പിടികൂടി ഒരു വന്യജീവി പാർക്കിലേക്ക് മാറ്റുകയും സംഭവത്തിൽ മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ സിംഹം ഒരു വളപ്പിലെ ഉയർന്ന മതിൽ ചാടിക്കടന്ന് ഓടിപ്പോകുന്നത് കാണാം. ശേഷം സിംഹം ഒരു സ്ത്രീയുടെ മുകളിലേക്ക് ചാടി അവരെ നിലത്ത് വീഴ്ത്തുന്നതും കാണാം. സംഭവത്തിൽ സിംഹം ഇവരെ പിന്തുടർന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി.
പോലീസിൽ നൽകിയ പരാതിയിൽ സിംഹം തന്റെ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ ആക്രമിച്ചുവെന്നും അവരുടെ കൈകളും മുഖവും നഖങ്ങളാൽ മുറിഞ്ഞെന്നും കുട്ടികളുടെ പിതാവ് പറയുന്നു. സിംഹം വീട്ടിൽ നിന്ന് ഇറങ്ങിയോടിയ വീട്ടുടമസ്ഥർ വഴിയാത്രക്കാരെ സിംഹം ആക്രമിക്കുന്നത് കണ്ട് രസിച്ചു എന്നും കുട്ടികളുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ നൽകിയ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. സിംഹത്തിൻ്റെ ആക്രമത്തിൽ മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ആർക്കും ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
സംഭവത്തിൽ വെള്ളിയാഴ്ച പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികൾ സിംഹത്തെയും കൂട്ടി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ അവരെ അറസ്റ്റ് ചെയ്തുവെന്ന് ലാഹോറിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓപ്പറേഷൻസിന്റെ ഓഫീസ് എഎഫ്‌പിയോട് പറഞ്ഞു. ആളുകളെ ആക്രമിച്ച 11 മാസം പ്രായമുള്ള സിംഹത്തെ പോലീസ് പിടികൂടി ഒരു വന്യജീവി പാർക്കിലേക്ക് മാറ്റിയെന്നും ആരോഗ്യമുള്ള മൃഗമാണെന്നും അധികൃതർ പറഞ്ഞു.
പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചാബ് പ്രവിശ്യയിൽ, വലിയ പൂച്ചകൾ പോലുള്ള വിദേശ മൃഗങ്ങളെ വളർത്തുന്നത് പലപ്പോഴും പദവിയുടെയും അധികാരത്തിന്റെയും അടയാളമായി കണക്കാക്കപ്പെടുന്നു. നേരത്തെ, 2024 ഡിസംബറിൽ, ലാഹോറിലെ മറ്റൊരു ഭാഗത്ത് ഒരു മുതിർന്ന സിംഹം അതിന്റെ കൂട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു, മുമ്പ് താമസക്കാർക്കിടയിൽ പരിഭ്രാന്തി പരത്തിയ ആ സിംഹം ഒരു സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റാണ് മരിച്ചത്.
ഈ സംഭവത്തിനുശേഷം, പ്രവിശ്യാ സർക്കാർ വലിയ പൂച്ചകളുടെ വിൽപ്പന, വാങ്ങൽ, പ്രജനനം, ഉടമസ്ഥാവകാശം എന്നിവ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. ഈ നിയമം അനുസരിച്ച്, വിലക്കുള്ള മൃഗങ്ങൾക്ക് പാർപ്പിട മേഖലകളിൽ വളർത്തുന്നതിന് ഉടമകൾക്ക് ലൈസൻസ് വേണം. രജിസ്ട്രേഷനായി ബ്രീഡർമാർ കനത്ത ഫീസ് നൽകണം, അതേസമയം വളർത്തുന്ന സ്ഥലം കുറഞ്ഞത് 10 ഏക്കർ വിസ്തീർണ്ണമുണ്ടായിരിക്കണം.