തയ്‌വാൻ വിഷയത്തിൽ ഇടപെടാനുള്ള എല്ലാ വിദേശ ശ്രമങ്ങളെയും തകർക്കുമെന്ന് ചൈന വെറുതേ പറഞ്ഞതല്ല, കൈവശമുള്ളത് സാങ്കേതിക മികവുള്ള ആയുധങ്ങൾ- യുഎസ് രഹസ്യരേഖയിൽ ഇനിയെന്തൊക്കെ?

വാഷിങ്ടൻ: ചൈനയുടെ ആയുധശേഷി വളരെ സാങ്കേതിക മികവുള്ളതാണെന്നും തയ്‌വാന്‍ വിഷയത്തിൽ സംഘർഷമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കുമെന്നും യുഎസ് രഹസ്യരേഖ. യുഎസ് ചെലവേറിയതും ദുർബലവുമായ ആയുധങ്ങളെയാണ് ആശ്രയിക്കുതെന്നും, എന്നാൽ എതിരാളികൾ വില കുറഞ്ഞതും സാങ്കേതികമായി കൂടുതൽ മികച്ചതുമായ ആയുധങ്ങൾ വികസിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തയ്‌വാൻ വിഷയത്തിൽ ഇടപെടാനുള്ള എല്ലാ വിദേശ ശ്രമങ്ങളെയും തകർക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നതെന്നതും ശ്രദ്ധേയം. യുഎസ് യുദ്ധവിമാനങ്ങളും യുദ്ധ കപ്പലുകളും ഉപഗ്രഹങ്ങളും തകർക്കാനുള്ള ചൈനയുടെ കഴിവിനെക്കുറിച്ച് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. യുഎസ് സൈന്യത്തിന്റെ വിതരണ ശൃംഖലയിലെ ദൗർബല്യങ്ങളും റിപ്പോർട്ടിലുണ്ട്. 2021ൽ ജോ ബൈഡൻ ഭരണകാലത്ത് ഒരു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന് ഈ രഹസ്യരേഖ ലഭിച്ചിരുന്നുവെന്നും ഇത് കണ്ട് അദ്ദേഹം ഞെട്ടിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ട്. തയ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ തയ്‌വാൻ ഇത് അംഗീകരിക്കുന്നില്ല. തയ്‌വാന് സൈനിക സഹായം നൽകുന്നത് യുഎസ് ആണ്.

തയ്‌വാന് അടുത്തുള്ള ദ്വീപിൽ ജപ്പാൻ മിസൈലുകൾ സ്ഥാപിച്ചതിനെതിരെ ചൈന രംഗത്തുവന്നിരുന്നു. “ ചൈനയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ഞങ്ങൾക്ക് ഉറച്ച ഇച്ഛാശക്തിയും ദൃഢനിശ്ചയവും ശേഷിയുമുണ്ട്. എല്ലാ വിദേശ ഇടപെടലുകളെയും ഞങ്ങൾ തകർക്കും.”– ചൈനീസ് മന്ത്രാലയത്തിന്റെ വക്താവ് പെങ് ക്വിംഗെൻ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

A secret US document about China’s technologically advanced weapons is out

More Stories from this section

family-dental
witywide