‘ഇന്ത്യയുടെ പൈതൃകത്തോടുള്ള ഭയാനകമായ അവഗണന’; ആഗ്രയിലെ മുബാറക് മന്‍സില്‍ തകര്‍ത്തതിനെ അപലപിച്ച് ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍

ആഗ്ര: ആഗ്രയിലെ യമുനയുടെ തീരത്തുള്ള ‘ഔറംഗസേബിന്റെ ഹവേലി’ എന്നറിയപ്പെടുന്ന മുഗള്‍ പൈതൃക സ്ഥലമായ മുബാറക് മന്‍സില്‍ തകര്‍ത്തതിനെ സ്‌കോട്ടിഷ് ചരിത്രകാരനും ഇന്‍ഡോളജിസ്റ്റുമായ വില്യം ഡാല്‍റിംപിള്‍ അപലപിച്ചു. ഇത് ‘ഇന്ത്യയുടെ പൈതൃകത്തോടുള്ള ഭയാനകമായ അവഗണന’ ആണെന്നും വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ രാജ്യം പരാജയപ്പെടാനുള്ള പ്രധാന കാരണമാണെന്നും സംഭവത്തെ അദ്ദേഹം വിമര്‍ശിച്ചു.

എക്‌സിലൂടെയായിരുന്നു ഡാല്‍റിംപിളിന്റെ പ്രതികരണം. ‘ആഗ്രയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രപരമായ കെട്ടിടങ്ങളിലൊന്ന് അധികാരികളുടെ പൂര്‍ണ്ണമായ ഒത്താശയോടെ നശിപ്പിക്കപ്പെട്ടു. അതുകൊണ്ടാണ് ഇന്ത്യ വളരെ കുറച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. നിങ്ങളുടെ പ്രധാന പൈതൃക കേന്ദ്രങ്ങളെ അവഗണിക്കുക, ഡെവലപ്പര്‍മാരെ അതിന്റെ എല്ലാ പൈതൃക സ്വത്തുക്കളും നശിപ്പിക്കാന്‍ അനുവദിക്കുക, തുടര്‍ന്ന് ഈ മഹത്തായ രാജ്യത്തിന് ദുബായിയേക്കാളും സിംഗപ്പൂരിനെക്കാളും കുറച്ച് വിനോദസഞ്ചാരികള്‍ ഉള്ളപ്പോള്‍ ആശ്ചര്യപ്പെടുക’ – അദ്ദേഹം കുറിച്ചു.

വില്യം ഡാല്‍റിംപിള്‍ ഇപ്പറഞ്ഞതിനെ ശരിവെക്കുന്നതാണ് മുന്‍വര്‍ഷത്തെ ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും വിനോദ സഞ്ചാരികളുടെ കണക്കുകള്‍. വേള്‍ഡ് ഇക്കണോമിക് ഫോറം ട്രാവല്‍ & ടൂറിസം ഡെവലപ്മെന്റ് ഇന്‍ഡക്സ് അനുസരിച്ച്, 2019ല്‍ ഇന്ത്യയിലെത്തിയത് 11 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളായിരുന്നു. എന്നാല്‍ അതേ വര്‍ഷം ഫ്രാന്‍സിലെത്തിയത് 90 ദശലക്ഷം വിനോദസഞ്ചാരികളായിരുന്നു. 2023 ല്‍ സ്‌പെയിനിലെത്തിയതാകട്ടെ 85 ദശലക്ഷവും.

കഴിഞ്ഞ ദിവസമാണ് മുഗള്‍ പൈതൃക സ്ഥലമായ പതിനേഴാം നൂറ്റാണ്ടിലെ ‘മുബാറക് മന്‍സിലി’ല്‍ പൊളിക്കല്‍ ജോലികള്‍ തുടങ്ങിയത്. എന്നാല് സൈറ്റില്‍ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവനുസരിച്ചാണ് പൊളിക്കല്‍ നിര്‍ത്തിയത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭൂമിയുടെ രേഖകളില്‍ വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘നടുക്കുന്ന’തെന്നാണ് ആഗ്ര നിവാസികളും ചരിത്രകാരന്മാരും സംഭവത്തെ വിശേഷിപ്പിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്മാരകം പൊളിച്ചുമാറ്റാന്‍ രാഷ്ടീയ സ്വാധീനമുള്ള ഒരു കെട്ടിട നിര്‍മാതാവ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചുവെന്നും ഇയാള്‍ കടന്നുകളഞ്ഞുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.