ടെക്സസ്: ടെക്സസിലെ സാൻ ആന്റണിയോയിൽ ക്രിസ്മസ് തലേന്ന് കാണാതായ 19 വയസ്സുകാരി കമില മെൻഡോസ ഓൾമോസിനായി തെരച്ചിൽ തുടരുന്നു. പെൺകുട്ടി അതീവ അപകടാവസ്ഥയിലാണെന്ന് ബെക്സർ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ക്രിസ്മസ് തലേന്ന് പുലർച്ചെ വീട്ടിൽ നിന്ന് പ്രഭാത സവാരിക്കായി ഇറങ്ങിയ കമില പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഡിസംബർ 24 ബുധനാഴ്ച രാവിലെ 6:58-ഓടെ വടക്കുപടിഞ്ഞാറൻ ബെക്സർ കൗണ്ടിയിലെ വീട്ടുമുറ്റത്താണ് കമിലയെ അവസാനമായി കണ്ടത്. അയൽപക്കത്തെ സിസിടിവി ക്യാമറയിൽ കമില തന്റെ കാറിനുള്ളിൽ എന്തോ തിരയുന്നത് കാണാം, പിന്നീട് ദൃശ്യങ്ങൾ അവസാനിക്കുന്നു.
സാധാരണയായി നടത്തത്തിന് പോകാറുള്ള കമില തന്റെ സെൽഫോണും ഐപാഡും വീട്ടിൽ തന്നെ ഉപേക്ഷിച്ചാണ് പോയത്. കാർ വീട്ടിലുണ്ടെങ്കിലും കാറിന്റെ താക്കോലും ഡ്രൈവിംഗ് ലൈസൻസും കമിലയുടെ പക്കലുണ്ട്.
തിങ്കളാഴ്ച പുറത്തുവിട്ട ഡാഷ്ക്യാം ദൃശ്യങ്ങളിൽ കമിലയെന്ന് കരുതുന്ന ഒരു പെൺകുട്ടി റോഡിലൂടെ നടന്നുപോകുന്നത് കാണാം. എന്നാൽ ഇത് അവൾ തന്നെയാണെന്ന് 100 ശതമാനം ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് ഷെരീഫ് ജാവിയർ സലാസർ പറഞ്ഞു.
എഫ്.ബി.ഐ, ഹോംലാൻഡ് സെക്യൂരിറ്റി എന്നീ ഏജൻസികൾ അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്. കമില അതിർത്തി കടക്കാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കി. കമിലയ്ക്ക് മുൻപ് ആത്മഹത്യാ പ്രവണതയോ വിഷാദരോഗമോ ഉണ്ടായിരുന്നതായി ഷെരീഫ് സൂചിപ്പിച്ചു. അതിനാൽ സ്വയം അപായപ്പെടുത്താനുള്ള സാധ്യതയോ അല്ലെങ്കിൽ ആരെങ്കിലും തട്ടിക്കൊണ്ടുപോയതോ ആകാം എന്ന നിഗമനത്തിലാണ് പോലീസ്.















