
ന്യൂഡല്‍ഹി : യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി ബന്ധപ്പെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികള്‍ക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നാണ് മഹ്ദി പറയുന്നത്. അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തുടക്കം മുതല്‍ നിമിഷപ്രിയയുടെ മോചനത്തിനായ് ശ്രമം നടത്തിയിരുന്ന സാമുവല്‍ ജെറോമിനെ അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് സൂഫി പണ്ഡിതരുടെ ഇടപെടലിലാണെന്നായിരുന്നു പുറത്തുവന്ന വിവരം. ഇതെല്ലാം തള്ളിയാണ് മഹ്ദി ഇപ്പോള്‍ സംസാരിക്കുന്നത്.
അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ വകുപ്പുമായി ചേര്‍ന്നുകൊണ്ടുള്ള യോജിച്ച നീക്കംനടത്തുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.