‘ദിലീപിനെയടക്കം കുറ്റവിമുക്തനാക്കും’, ഒരാഴ്ച്ച മുന്നെ നടി ആക്രമണ കേസ് വിധിന്യായം ഊമക്കത്തായി പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ബൈജു പൗലോസ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിന്യായത്തിലെ സുപ്രധാന വിവരങ്ങൾ വിധി പ്രഖ്യാപിക്കുന്നതിന് മുമ്പേ ചോർന്നതായി ആരോപണം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബൈജു പൗലോസ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് കത്ത് നൽകി. വിധിയുടെ ഉള്ളടക്കം ഊമക്കത്തായി പ്രചരിച്ച സംഭവത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് പ്രധാന ആവശ്യം.

വിധി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കേരള ഹൈകോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായിക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. ഈ കത്തിലെ വിവരങ്ങൾ വിധിന്യായവുമായി പൂർണ സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷനും ഹൈകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി. ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതടക്കമുള്ള വിശദാംശങ്ങൾ കത്തിൽ ഉണ്ടായിരുന്നു.

വിചാരണക്കോടതി വിധിയിൽ ഒന്നാം പ്രതി പൾസർ സുനി അടക്കം ആറ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. എന്നാൽ ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനിൽ കുമാർ എന്നിവരെ വെറുതെ വിടുമെന്ന വിവരവും ഊമക്കത്തിൽ പരാമർശിച്ചിരുന്നു. ഈ വിവരങ്ങൾ എങ്ങനെ ചോർന്നുവെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ബൈജു പൗലോസിന്റെ കത്തിൽ വ്യക്തമാക്കി.

അഭിഭാഷക അസോസിയേഷന്റെ പരാതിയിൽ ഊമക്കത്തിന്റെ പകർപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. വിധി ചോർന്നോ എന്ന സംശയവും കത്തിന്റെ ലക്ഷ്യവും അന്വേഷിക്കണമെന്നാണ് ആവശ്യം. ഹൈകോടതിയുടെ വിജിലൻസ് വിഭാഗത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഈ സംഭവം കേസിന്റെ രഹസ്യസ്വഭാവത്തെ ചോദ്യം ചെയ്യുന്നതാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിധിന്യായത്തിന്റെ സുരക്ഷയും നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയും ഉറപ്പാക്കാൻ അന്വേഷണം അനിവാര്യമാണെന്നാണ് ബൈജു പൗലോസിന്റെ വാദം. പൊലീസ് മേധാവി ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി കാത്തിരിക്കേണ്ടത്.

More Stories from this section

family-dental
witywide