2017 ലെ നടി ആക്രമണ കേസിലെ അതിജീവിത തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു. ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്നു. കേസിൽ സർക്കാർ പൂർണമായും ഒപ്പമുണ്ടാകുമെന്നും തുടർനടപടികളിൽ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകി. വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച.
കേസിൽ ദിലീപിനെ ഉൾപ്പെടെ കുറ്റവിമുക്തനാക്കിയ വിധി അതിജീവിതയെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ സർക്കാർ വിധി പരിശോധിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും അപ്പീൽ പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങൾ കരയാതിരിക്കാൻ ഞങ്ങൾ കൂടെയുണ്ട്” എന്ന് മുഖ്യമന്ത്രി ആശ്വസിപ്പിച്ചെന്നാണ് വിവരം.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന ആരോപണം തെളിയിക്കാതെ വന്നത് അതിജീവിതയ്ക്ക് തിരിച്ചടിയായി. എന്നിട്ടും നീതിക്കായുള്ള പോരാട്ടം തുടരുമെന്ന നിലപാടിലാണ് അതിജീവിത. സർക്കാരിന്റെ ഉറച്ച പിന്തുണ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത മടങ്ങിയത്.










