യൂട്യൂബര്‍ക്കെതിരെ ആഞ്ഞടിച്ച് നടി ഗൗരി കിഷന്‍; സോഷ്യല്‍ മീഡിയയില്‍ വൻ സപ്പോർട്ട്, താരസംഘടന അമ്മയും മറ്റു താരങ്ങളും അനുകൂലിച്ച് രംഗത്ത്

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെ അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ ആഞ്ഞടിച്ച് നടി ഗൗരി കിഷന്‍. നടിയുടെ ഭാരമെത്ര എന്ന യൂട്യൂബറുടെ ചോദ്യത്തിന് ചുട്ടമറുപടി നൽകിയ നടിയെ അനുകൂലിച്ച് താരസംഘടന അമ്മയും മറ്റു താരങ്ങളും രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ നിന്നും വൻ സപ്പോർട്ടാണ് നടിയ്ക്ക് ലഭിക്കുന്നത്.

ഞങ്ങള്‍ മനസിലാക്കുന്നു ഗൗരി… ആരായാലും എപ്പോള്‍ ആയാലും എവിടെ ആയാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും വിശ്വസിക്കുന്നു. അമ്മ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചു. ഗൗരിയെപ്പോലുള്ള ചെറുപ്പക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നത് കണ്ട് അഭിമാനം തോന്നുന്നുവെന്ന് ഗായിക ചിന്മയിയും സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഒരു നടിയുടെ ഭാരമെത്ര എന്നത് മാധ്യമപ്രവര്‍ത്തകരെ ബാധിക്കുന്ന കാര്യമല്ലെന്നും അത് ചോദിക്കേണ്ട ആവശ്യമില്ലെന്നും നടി ഖുഷ്ബുവും യൂട്യൂബറുടെ ഭാഗത്തുനിന്നുണ്ടായത് ഏവരേയും ലജ്ജിപ്പിക്കുന്ന പ്രവൃത്തിയാണെന്ന് സംവിധായകൻ പാ രഞ്ജിത്തും പ്രതികരിച്ചു.

സിനിമയില്‍ ഒരു രംഗത്തില്‍ നായക നടന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗം സൂചിപ്പിച്ചുകൊണ്ടാണ് നടനോട് ഗൗരിയുടെ ഭാരം യൂട്യൂബര്‍ ചോദിച്ചത്. തന്നെ ഇരുത്തിയുള്ള ഈ ചോദ്യം ബോഡിഷെയ്മിങ് ആണെന്നും ഒരു നടന്റെ ഭാരം ഇതുപോലെ ചോദിക്കുമോ എന്നുമായിരുന്നു ഗൗരിയുടെ മറുചോദ്യം. എന്നാല്‍ യൂട്യൂബര്‍ തന്റെ ചോദ്യം തുടരുകയും ഇതൊരു രസകരമായ ചോദ്യമാണല്ലോ എന്ന് പറയുകയും ചെയ്തതോടെ വാദപ്രതിവാദങ്ങള്‍ കനക്കുകയായിരുന്നു.

ചോദ്യത്തോടുള്ള നടിയുടെ പ്രതികരണം വൈറലായതോടെ നടിക്ക് പിന്തുണയുമായി പ്രമുഖരുള്‍പ്പെടെ രംഗത്തെത്തി. എന്നാൽ ഈ സമയത്തൊക്കെ തന്നെയും നടിയുടെ കൂടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത നടന്‍ ആദിത്യ മാധവനും സംവിധായകന്‍ അബിന്‍ ഹരിഹരനും മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിൽ ഇവർക്കെതിരെ വൻ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Actress Gauri Kishan lashes out at YouTuber; huge support on social media, star organization AMMA and other stars come out in support

More Stories from this section

family-dental
witywide