വൈറ്റ് ഹൌസിന് സമീപം വെടിയുതിർത്ത അഫ്ഗാൻ പൌരൻ എത്തിയത് ബൈഡൻ്റെ ‘ഓപ്പറേഷൻ അലീസ് വെൽക്കം’ വഴി; അന്ന് എത്തിയവരെ കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിലെ വൈറ്റ് ഹൗസിന് പുറത്തുവച്ച് രണ്ട് യുഎസ് നാഷണൽ ഗാർഡ് സൈനികർക്ക് വെടിയേറ്റ സംഭവത്തിൽ പിടിയിലായ അഫ്ഗാൻ പൗരൻ യുഎസിൽ എത്തിയത് 2021 ലായിരുന്നു. ഇയാൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവർക്കുള്ള അഭയാർത്ഥി പദ്ധതിയിലൂടെ അമേരിക്കയിലേക്ക് കടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അഫ്ഗാൻ പൌരന്മാർക്ക് യുഎസിൽ പ്രവേശനം നൽകിയ ഓപ്പറേഷൻ അലീസ് വെൽക്കം എന്ന പ്രോഗ്രാം വഴിയാണ് 29 കാരനായ റഹ്മാനുള്ള ലകൻവാൾ യുഎസിൽ എത്തിയതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ബുധനാഴ്ച രാത്രി സ്ഥിരീകരിച്ചിരുന്നു.

എന്താണ് ‘ഓപ്പറേഷൻ അലീസ് വെൽക്കം’

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തതിനെ തുടർന്നാണ് ബൈഡൻ ഭരണകൂടം ‘ഓപ്പറേഷൻ അലീസ് വെൽക്കം എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കിയത്. ദുർബലരായ ചില അഫ്ഗാൻ പൗരന്മാർക്ക് രണ്ട് വർഷത്തെ പരോൾ ഗ്രാന്റിൽ അമേരിക്കയിൽ പ്രവേശിക്കാൻ ഇത് അനുവദിച്ചു, എന്നാൽ ഇത് ഒരു തരത്തിലുള്ള സ്ഥിരമായ കുടിയേറ്റ പദവിയും നൽകിയില്ല. പകരം, അഭയം പോലുള്ള രാജ്യത്ത് തുടരുന്നതിന് മറ്റ് മാർഗങ്ങൾക്കായി അഫ്ഗാനികൾ അപേക്ഷിക്കണമെന്ന നിബന്ധനയും വെച്ചിരുന്നു.

കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങളും പരിശോധനകളും വർധിപ്പിക്കും

വൈറ്റ്ഹൌസിന് സമീപത്തെ വെടിവയ്പ്പിനെ തുടർന്ന് കുടിയേറ്റക്കാരെ നാടുകടത്താനുള്ള തന്റെ സർക്കാരിന്റെ ശ്രമങ്ങൾ ഇരട്ടിയാക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു. 2021 ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്ത കുടിയേറ്റക്കാരെ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. “അഫ്ഗാനിസ്ഥാനിൽ നിന്ന് നമ്മുടെ രാജ്യത്ത് പ്രവേശിച്ച ഓരോ വിദേശിയേയും ഇനി നമ്മൾ സൂക്ഷ്മമായി പുനപരിശോധിക്കണം” അദ്ദേഹം പറഞ്ഞു.

പ്രതിയെ മൃഗമെന്ന് വിളിച്ച് ട്രംപ്

സംഭവത്തിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. പ്രതിയെ “മൃഗം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “രണ്ട് നാഷണൽ ഗാർഡ് സൈനികരെ വെടിവച്ച ‘മൃഗ’ത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, ഇപ്പോൾ രണ്ട് വ്യത്യസ്‌ത ആശുപത്രികളിലാണ് സൈനികര്‍ കഴിയുന്നത്, പക്ഷേ അത് വളരെ വലിയ വില നൽകേണ്ടിവരും,” എന്ന് ട്രംപ് പ്രസ്‌താവനയിൽ പറഞ്ഞു. “നമ്മുടെ ഗ്രേറ്റ് നാഷണൽ ഗാർഡിനെയും നമ്മുടെ എല്ലാ സൈനികരെയും നിയമപാലകരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇവർ യഥാർത്ഥത്തിൽ മഹാന്മാരാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പ്രസിഡന്റ് എന്ന നിലയിൽ ഞാനും പ്രസിഡൻസി ഓഫിസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ട്!” അദ്ദേഹം കുറിച്ചു.

Afghan national who opened fire near White House arrived through ‘Operation Alice’s Welcome’.

More Stories from this section

family-dental
witywide