
വാഷിംഗ്ടൺ: ബുധനാഴ്ച കൊല്ലപ്പെട്ട പോഡ്‌കാസ്റ്ററും രാഷ്ട്രീയ പ്രവർത്തകനുമായ ചാർളി കിർക്കിനെ രാജ്യത്തുടനീളമുള്ള യാഥാസ്ഥിതിക മതനേതാക്കൾ ‘രക്തസാക്ഷി’ എന്ന് വിശേഷിപ്പിച്ചു. ഞായറാഴ്ച രാവിലെ നടന്ന പള്ളിയിലെ ചടങ്ങുകളിലാണ് ുസ്മരണ വികാരഭരിതമായി സംസാരിച്ചത്.
“ഇന്ന്, നമ്മൾ ചാർളി കിർക്കിന്റെ ജീവിതം ആഘോഷിക്കുന്നു. 31 വയസ്സുള്ള ദൈവഭയമുള്ള ഒരു ക്രിസ്ത്യൻ, ഭർത്താവ്, രണ്ട് കുട്ടികളുടെ പിതാവ്, ഒരു ദേശസ്നേഹി, ഒരു പൗരാവകാശ പ്രവർത്തകൻ, ഇപ്പോൾ ഒരു ക്രിസ്ത്യൻ രക്തസാക്ഷി,” കാലിഫോർണിയയിലെ ഗോഡ്സ്പീക്ക് കാൽവരി ചാപ്പലിന്റെ വികാരി റോബ് മക്കോയ് പറഞ്ഞു.
രാഷ്ട്രീയപരമായ അക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് കിർക്ക് കൊല്ലപ്പെട്ടത്. ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളുടെ പ്രമുഖ വക്താവുമായിരുന്നു കിർക്ക്. ഫെമിനിസ്റ്റ് വിരുദ്ധ, കുടിയേറ്റ വിരുദ്ധ നിലപാടുകൾ കാരണം അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.
ബുധനാഴ്ച ഉട്ടാ വാലി യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ‘ദി അമേരിക്കൻ കംബാക്ക് ടൂർ’ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് കിർക്ക് വെടിയേറ്റ് മരിച്ചത്. സാംസ്കാരികപരമായ വിഷയങ്ങളിൽ കോളേജ് വിദ്യാർത്ഥികളുമായി സംവാദം നടത്തുന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ആകർഷണം.














