
സാൻ ഫ്രാൻസിസ്കോ: ടെസ്‌ല വാഹനങ്ങളുടെ വാതിൽ തുറക്കാനുള്ള സംവിധാനത്തിലെ തകരാറിനെ തുടർന്ന് തീപിടിച്ച കാറിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ 19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി മരിച്ചതായി ആരോപിച്ച് മാതാപിതാക്കൾ കോടതിയിൽ കേസ് ഫയൽ ചെയ്തു. ക്രിസ്റ്റ സുകഹാരയുടെ മരണത്തിന് കാരണം വാതിൽ തുറക്കാൻ കഴിയാത്ത ‘ഡിസൈൻ തകരാർ’ ആണെന്ന് ചൂണ്ടിക്കാട്ടി അവരുടെ മാതാപിതാക്കൾ വ്യാഴാഴ്ച അലമേഡ കൗണ്ടി സുപ്പീരിയർ കോടതിയിൽ കേസ് നൽകി.
വർഷങ്ങളായി ഈ ഡിസൈൻ പിഴവിനെക്കുറിച്ച് അറിഞ്ഞിരുന്നിട്ടും, ടെസ്‌ല പ്രശ്നം പരിഹരിക്കാൻ വേഗത്തിൽ നടപടിയെടുത്തില്ലെന്നാണ് ക്രിസ്റ്റയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതുമൂലം, ആർട്‌സ് വിദ്യാർത്ഥിനിയായ ക്രിസ്റ്റയ്ക്ക് തീജ്വാലകളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാതെ, തീപൊള്ളലേറ്റും പുക ശ്വസിച്ചും ദാരുണമായ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ല, ഈ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തീപിടിത്തമോ മറ്റ് കാരണങ്ങളോ മൂലം വാതിലിന്റെ പവർ സപ്ലൈ ബാറ്ററി തകരാറിലാകുമ്പോൾ വാതിൽ തുറക്കാൻ കഴിയാത്തതാണ് ആരോപിക്കപ്പെടുന്ന ഡിസൈൻ തകരാർ. മാനുവൽ റിലീസ് സംവിധാനങ്ങൾ കണ്ടെത്താനും ഉപയോഗിക്കാനും ബുദ്ധിമുട്ടാണെന്നും ആരോപണമുണ്ട്. നിലവിൽ ടെസ്‌ലയുടെ സുരക്ഷാ പ്രശ്നങ്ങളെ ചുറ്റിപ്പറ്റി നിരവധി കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ, ഫ്ലോറിഡയിൽ ഒരു ടെസ്‌ല വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 240 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകാൻ ജൂറി വിധിച്ചിരുന്നു.