അമേരിക്കയിൽ ‘സൂപ്പർ ഫ്ലൂ’വിന് പിന്നാലെ തിരിച്ചെത്തി നിർമ്മാർജ്‌ജനം ചെയ്ത‌ അഞ്ചാംപനിയും

വാഷിങ്ടൻ ഡി.സി: ‘സൂപ്പർ ഫ്ലൂ’ കേസുകൾ അമേരിക്കയിൽ വർധിക്കുന്നതിനിടയിൽ തിരിച്ചെത്തി അഞ്ചാംപനിയും. യുഎസ് നിർമ്മാർജ്ജനം ചെയ്തെന്ന് പ്രഖ്യാപിച്ച അഞ്ചാംപനി ഈ വർഷം മാത്രം ഇതുവരെ ബാധിച്ചത് 1,958 പേർക്കാണ്. ഇതിൽ മൂന്ന് പേർ മരിക്കുകയും ചെയ്‌തു. 1992ന്‌ ശേഷം അമേരിക്ക നേരിടുന്ന ഏറ്റവും വലിയ അഞ്ചാംപനി വ്യാപനമാണിതെന്നാണ് ആരോഗ്യ ഉദ്യോഗസ്‌ഥർ വ്യക്തമാക്കുന്നത്.

രോഗത്തിൻ്റെ പ്രധാന ലക്ഷണം മുഖത്ത് തുടങ്ങി ശരീരമാകെ പടരുന്ന തടിപ്പുകളാണ്. ഗൗരവകരമായ സാഹചര്യങ്ങളിൽ ഇത് ന്യുമോണിയ, മസ്‌തിഷ്‌ക വീക്കം (Encephalitis), സ്‌ഥിരമായ മസ്തിഷ്ക ക്ഷതം എന്നിവയ്ക്കും മരണത്തിനും കാരണമായേക്കാം. വാക്സീനേഷൻ എടുക്കാത്തവർ ഉടൻ തന്നെ എംഎംആർ വാക്സീൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.

രണ്ടായിരത്തിൽ അമേരിക്കയിൽ നിന്നും തുടച്ചുനീക്കിയതായി പ്രഖ്യാപിച്ച രോഗമാണ് അഞ്ചാംപനി. എന്നാൽ കുട്ടികളിലെ വാക്സീനേഷൻ നിരക്ക് കുറഞ്ഞതാണ് നിലവിലെ ഈ പ്രതിസന്ധിക്ക് കാരണമെന്ന് ടെൻഡോളർ ടെലിഹെൽത്തിലെ ഡോ. റെനി ദുവ പറയുന്നു. രോഗവ്യാപനം തടയാൻ സമൂഹത്തിൽ 95 ശതമാനം പ്രതിരോധശേഷി (Community Immunity) ആവശ്യമാണ്. എന്നാൽ പലയിടങ്ങളിലും വാക്സീനേഷൻ നിരക്ക് ഈ പരിധിക്ക് താഴെപ്പോയത് തിരിച്ചടിയായി.

അതേസമയം, ലോകത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന വൈറസുകളിൽ ഒന്നായ അഞ്ചാംപനി ബാധിക്കുന്നവരുടെ എണ്ണത്തിൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വാക്സീൻ എടുക്കാത്ത ഒരാൾ രോഗബാധിതനായ വ്യക്‌തിക്കൊപ്പം ഒരേ വായു പങ്കിട്ടാൽ പോലും രോഗം പകരാൻ 90 ശതമാനം സാധ്യതയുണ്ട്.

നിലവിലെ കേസുകളിൽ ഭൂരിഭാഗവും 19 വയസ്സിന് താഴെയുള്ള കുട്ടികളിലാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 93 ശതമാനവും വാക്സീൻ എടുക്കാത്തവരിലായിരുന്നു എന്നത് രോഗത്തിന്റെ തീവ്രത വർധിപ്പിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ചവരിൽ 11 ശതമാനം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

After the ‘super flu’ in the United States, measles returned and became extinct

More Stories from this section

family-dental
witywide