
വാഷിംഗ്ടൺ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാൻ ശ്രമിക്കുന്നുവെന്ന് ആരോപണം നേരിടുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വർഗ്ഗത്തിലേക്ക് പോകാൻ വേണ്ടി പണം ചോദിച്ച് രംഗത്ത്. ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടയിലും മരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലുമാണ് ട്രംപിന്റെ പുതിയ നീക്കം. സ്വർഗ്ഗത്തിൽ പോകാൻ വേണ്ടി $15 സംഭാവന നൽകാൻ ട്രംപ് തന്‍റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു “ഭീകര ദുരന്തം” സംഭവിച്ചാൽ താൻ സ്ഥാനമേറ്റെടുക്കാൻ തയ്യാറാണെന്ന് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ട്രംപിന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ശക്തി നൽകിയത്. അതേസമയം ട്രംപ് “ആരോഗ്യവാനും ഊർജ്ജസ്വലനുമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ട്രംപിന്റെ രാഷ്ട്രീയ ഗ്രൂപ്പായ ‘നെവർ സറണ്ടർ ഇങ്ക്’ ആണ് ഈ ആഴ്ച ഫണ്ട് ശേഖരണ ഇ-മെയിൽ അയച്ചത്. ഇത് ഒരു ആത്മീയവും രാഷ്ട്രീയവുമായ കാര്യമായിട്ടാണ് അവർ അവതരിപ്പിച്ചത്. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഫണ്ട് ശേഖരണമാണിത്. “എനിക്ക് സ്വർഗ്ഗത്തിൽ പോകാൻ ശ്രമിക്കണം,” എന്ന് ട്രംപ് തന്റെ അനുയായികൾക്ക് അയച്ച സന്ദേശത്തിൽ കുറിച്ചു. കഴിഞ്ഞ വർഷം തനിക്കുണ്ടായ വധശ്രമത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. “കഴിഞ്ഞ വർഷം ആ വെടിയുണ്ട എന്റെ ശരീരത്തിൽ തുളച്ചുകയറിയപ്പോൾ ഞാൻ മരണത്തിന്റെ വക്കിലായിരുന്നു. വൈറ്റ് ഹൗസിലേക്കുള്ള എന്റെ വിജയകരമായ തിരിച്ചുവരവ് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു! പക്ഷെ ദൈവം എന്നെ രക്ഷിച്ചത് ഒരു കാരണത്താലാണ്: അമേരിക്കയെ വീണ്ടും മഹത്തായതാക്കാൻ!” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














