
വാഷിംഗ്ടൺ: ആണവ പദ്ധതി പരിശോധിക്കാനോ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുന്നതിനോ ഇറാൻ സമ്മതം അറിയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പരിപാടി പുനരാരംഭിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുള്ള മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. ഇറാൻ അധികൃതർ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും എയർഫോഴ്സ് വൺ വിമാനത്തിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാന്റെ ആണവ പരിപാടി ശാശ്വതമായി പിന്നോട്ട് പോയെന്നും അതേസമയം, മറ്റൊരു സ്ഥലത്ത് പുനരാരംഭിക്കാൻ കഴിയുമെന്നുള്ള കാര്യവും ട്രംപ് അംഗീകരിച്ചു. എന്നാല്‍ ഇങ്ങനെ ചെയ്താൽ കാര്യങ്ങൾ മോശമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇറാൻ വിഷയം ചർച്ച ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ സാധ്യതയുള്ളതിനാൽ ഗാസയാകും ചർച്ചയിലെ മുഖ്യ അജണ്ട. ഇതിനിടെ ഇറാനിൽ നിന്ന് പരിശോധകരെ പിൻവലിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.