
വാഷിംഗ്ടണ്‍: പ്രതിരോധ മേഖലയില്‍ പാക്-യുഎസ് ബന്ധം കൂടുതല്‍ വളരുന്നു. പാകിസ്ഥാന് അമേരിക്കയില്‍ നിന്ന് AIM120 അഡ്വാന്‍സ്ഡ് മീഡിയം-റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍ (AMRAAM) ലഭിക്കുമെന്ന് അമേരിക്ക. യുഎസ് യുദ്ധ വകുപ്പാണ് (പ്രതിരോധ വകുപ്പ്) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
മിസൈലിന്റെ സി 8, ഡി3 വകഭേദങ്ങള്‍ നിര്‍മ്മിക്കുന്നതിനായി, നിര്‍മ്മാതാക്കളായ റേതിയോണിന്, നേരത്തെ നല്‍കിയ കരാറില്‍ 41.6 മില്യണ്‍ യുഎസ് ഡോളര്‍ അധികമായി ലഭിച്ചതായി സെപ്റ്റംബര്‍ 30-ന് യുഎസ് യുദ്ധവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പാകിസ്ഥാന്‍ വ്യോമസേന (PAF) യുടെ എ16 ഫാല്‍ക്കണ്‍ വിമാനങ്ങളില്‍ യുഎസ് മിസൈലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ വാര്‍ത്താ ഏജന്‍സിയായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ല്‍ ബാലകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് നടന്ന ആക്രമണങ്ങളില്‍ പാകിസ്ഥാന്‍ വ്യോമസേന ഈ മിസൈല്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.
യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ഓസ്ട്രേലിയ, ജപ്പാന്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളും ഈ കരാറില്‍ ഉള്‍പ്പെടുന്നു. കരാര്‍ പ്രകാരമുള്ള ജോലികള്‍ 2030 മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കുവ്യക്തമായതോടെ ഇന്ത്യയുമായുള്ള ബന്ധം പാടേ വഷളായ സാഹചര്യത്തിലാണ് പ്രതിരോധ സഹായവുമായി അമേരിക്ക എത്തിയിരിക്കുന്നത്. പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും അടിക്കടി അമേരിക്ക സന്ദര്‍ശിക്കുകയും ഇരു രാജ്യങ്ങളും ബന്ധം പുതുക്കുകയും ചെയ്യുന്നുണ്ട്.