ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി അല്‍ജസീറയും ഗാസയുടെ സിവില്‍ ഡിഫന്‍സ് റെസ്‌ക്യൂ ഏജന്‍സിയും അറിയിച്ചു. ഹുസാം ഷബാത്താണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് വടക്കന്‍ പട്ടണമായ ബെയ്റ്റ് ലാഹിയയിലെ ഒരു പെട്രോള്‍ പമ്പിന് സമീപം ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളിലായി ഷബാത്തിന്റെ ഉള്‍പ്പെടെ പത്തിലധികം കാറുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

‘അല്‍ ജസീറയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍, വടക്കന്‍ ഗാസ മുനമ്പില്‍ തന്റെ കാറിനെ ലക്ഷ്യമിട്ട് നടത്തിയ ഇസ്രായേലി ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചു,’ എന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ ജസീറയുടെ സ്റ്റിക്കര്‍ വിന്‍ഡ്സ്‌ക്രീനില്‍പതിച്ചതും പിന്‍വശത്തെ ജനാലയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതുമായ കാറിന് ചുറ്റും പലസ്തീനികള്‍ തടിച്ചുകൂടുന്നതും, സമീപത്ത് നിലത്ത് ഒരു മൃതദേഹം കിടക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച യുദ്ധത്തില്‍ 206 ല്‍ അധികം പത്രപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി പാലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

More Stories from this section

family-dental
witywide