
ബെർലിൻ/തിരാന: ലോകത്തിലെ ആദ്യത്തെ എഐ മന്ത്രിയായ അൽബേനിയയുടെ ‘ഡീല്ല’ (Diella) ഗർഭിണിയാണെന്ന് പ്രധാനമന്ത്രി എഡി രാമയുടെ പ്രഖ്യാപനം. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെന്റ് അംഗത്തിനും വേണ്ടി ഓരോ എഐ സഹായിയെ—അതായത് ഡീല്ലയുടെ 83 ‘കുട്ടികളെ’—സൃഷ്ടിക്കാനുള്ള പദ്ധതിയും അദ്ദേഹം വെളിപ്പെടുത്തി. ബെർലിനിൽ നടന്ന ഗ്ലോബൽ ഡയലോഗിൽ പ്രസംഗിക്കവേയാണ് രാമ ഈ പ്രഖ്യാപനം നടത്തിയത്. “ഇന്ന് ഡീല്ല ഇവിടെ ഉണ്ടായിരുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു, ഞങ്ങൾ അത് നന്നായി നിർവഹിച്ചു. അതിനാൽ ആദ്യമായി ഡീല്ല ഗർഭിണിയാണ്, 83 കുട്ടികളോടൊപ്പം,” രാമ പറഞ്ഞു.
പാർലമെന്റ് സമ്മേളനങ്ങളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്താനും, നിയമനിർമാതാക്കൾക്ക് ചർച്ചകളെക്കുറിച്ചോ അവർക്ക് നഷ്ടമായ സംഭവങ്ങളെക്കുറിച്ചോ വിവരങ്ങൾ നൽകാനും ഈ ‘കുട്ടികൾ’ സഹായികളായി പ്രവർത്തിക്കും. “ഓരോരുത്തരും അവരുടെ (പാർലമെന്റ് അംഗങ്ങൾക്ക്) സഹായിയായി പ്രവർത്തിക്കും. അവർ പാർലമെന്റ് സെഷനുകളിൽ പങ്കെടുക്കുകയും, അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി പാർലമെന്റ് അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യും. ഈ കുട്ടികൾക്കെല്ലാം അവരുടെ അമ്മയുടെ (ഡീല്ലയുടെ) അറിവ് ഉണ്ടായിരിക്കും,” രാമ വിശദീകരിച്ചു.
2026 അവസാനത്തോടെ ഈ സംവിധാനം പൂർണമായി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നത്. എഐ സഹായികൾ എങ്ങനെ പ്രവർത്തിക്കുമെന്നും രാമ വിശദീകരിച്ചു: “ഉദാഹരണത്തിന്, നിങ്ങൾ കാപ്പി കുടിക്കാൻ പോയി ജോലിക്ക് തിരിച്ചുവരാൻ മറന്നാൽ, നിങ്ങൾ ഹാളിൽ ഇല്ലാതിരുന്നപ്പോൾ എന്താണ് പറഞ്ഞത് എന്ന് ഈ കുട്ടി പറഞ്ഞുതരും, കൂടാതെ ആരെയാണ് നിങ്ങൾ തിരിച്ച് വിമർശിക്കേണ്ടതെന്നും പറഞ്ഞുതരും,” അദ്ദേഹം പറഞ്ഞു.










