വര്‍ക്കലയിൽ പിടിയിലായ അലക്സേജിനെ ഇന്‍റർപോളിന് കൈമാറും; പകരം തഹാവൂർ റാണയെ യുഎസ് ഇന്ത്യക്ക് കൈമാറും

ഡൽഹി: യുഎസിൽ കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയ കേസിൽ വര്‍ക്കലയിൽ പിടിയിലായ ലിത്വാനിയൻ പൗരൻ അലക്സേജ് ബെസിക്കോവിനെ കോടതി തിഹാർ ജയിലിലേക്ക് മാറ്റി. ഇന്‍റര്‍പോളിന് പ്രതിയെ കൈമാറുമെന്നും അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കമെന്നാണ് സിബിഐ അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ വിമാന മാർഗമാണ് ഡല്‍ഹിയിൽ എത്തിച്ചത്. ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് സിബിഐയാണ് ഇയാൾ തിരുവനന്തപുരത്തുണ്ടെന്ന വിവരം കേരള പൊലീസിനെ അറിയിച്ചത്.

കഴിഞ്ഞ ദിവസം വർക്കലയിലെ റിസോ‌ർട്ടിൽനിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെയും സുഹൃത്തിന്‍റെയും ഉടമസ്ഥതയിലുള്ള ​ഗാരന്റക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിലൂടെ 2019 മുതൽ 8,16,000 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ കമ്പനികളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തും മയക്കുമരുന്ന് സംഘവുമായുള്ള ഇടപാടുകളിലൂടെയും ഇയാൾ കോടികൾ തട്ടിയതായി അമേരിക്ക കണ്ടെത്തിയിട്ടുണ്ട്.

തഹാവൂർ റാണയെ കൈമാറാൻ അമേരിക്ക സമ്മതിച്ചതിനുശേഷമാണ് അമേരിക്കയിൽ നിയമനടപടി നേരിടുന്ന ഒരാളെ കൈമാറുന്നതിന് ഇന്ത്യ നടപടി തുടങ്ങിയിരിക്കുന്നത്. 2008ലെ മുബൈ ഭീകരാക്രമണക്കേസിലെ പ്രതിയാണ് തഹാവൂര്‍ റാണ. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ തഹാവൂര്‍ റാണ നൽകിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. കനേഡിയൻ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യുഎസ് പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞമാസമാണ് അനുമതി നൽകിയത്. 63കാരനായ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിലാണുള്ളത്.

More Stories from this section

family-dental
witywide