
വാഷിംഗ്ടൺ: ന്യൂജേഴ്‌സിയിലെ യുഎസ് അറ്റോർണിയായി പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഫെഡറൽ അപ്പീൽ കോടതി വിധിച്ചതോട പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ സ്വകാര്യ അഭിഭാഷകയായ അലീന ഹബ്ബ, പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചു. കോടതിയുടെ “പിഴവുള്ള” വിധി അവരുടെ ഓഫീസ് ഫലപ്രദമായി നടത്തുന്നത് അസാധ്യമാക്കി” എന്ന് പറഞ്ഞുകൊണ്ടാണ് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി തിങ്കളാഴ്ച അലീന ഹബ്ബയുടെ രാജി സ്വീകരിച്ചത്.
സെനറ്റിൻ്റെ പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം ഹബ്ബയെ തൽസ്ഥാനത്ത് നിലനിർത്താൻ ഭരണകൂടം നടത്തിയ നിയമപരമായ നീക്കങ്ങൾ നിയമലംഘനമാണെന്ന് കോടതി ഈ മാസം ആദ്യം കണ്ടെത്തിയിരുന്നു. ഈ വിധി ട്രംപ് ഭരണകൂടത്തിന് കനത്ത നിയമപരമായ തിരിച്ചടിയാണ് നൽകിയിരുന്നത്. ഹബ്ബ നീതിന്യായ വകുപ്പിൽ മുതിർന്ന ഉപദേഷ്ടാവായി തുടരുമെന്നും തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബോണ്ടി പറഞ്ഞു.
അതേസമയം, കോടതി വിധിയുടെ വെളിച്ചത്തിൽ “ഞാൻ ഇഷ്ടപ്പെടുന്ന ഓഫീസിന്റെ സ്ഥിരതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി” സ്ഥാനമൊഴിയാൻ തീരുമാനിച്ചതായി അലീന ഹബ്ബ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ കീഴടങ്ങലായി ഇതിനെ തെറ്റിദ്ധരിക്കരുതെന്നും, യുഎസ് അഭിഭാഷകർക്കായി ബോണ്ടിയുടെ ഉപദേഷ്ടാവായി താൻ പ്രവർത്തിക്കുമെന്നും തന്റെ പോരാട്ടം ഇനി രാജ്യത്തുടനീളം വ്യാപിക്കുമെന്നും അവർ കുറിച്ചു.
തേർഡ് യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിലെ മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് ഈ വിധി പ്രഖ്യാപിച്ചത്. ഭരണഘടനാപരമായ നിയമന പ്രക്രിയയെ (പ്രസിഡൻ്റിൻ്റെ നിയമനവും സെനറ്റിൻ്റെ സ്ഥിരീകരണവും) മറികടക്കാൻ ഭരണകൂടം ശ്രമിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. “സർക്കാരിൻ്റെ ‘ഡെലിഗേഷൻ തിയറി’ പ്രകാരം, ഹബ്ബയ്ക്ക് പ്രസിഡൻഷ്യൽ നിയമനത്തിൻ്റെയും സെനറ്റ് സ്ഥിരീകരണത്തിൻ്റെയും കടമ്പ ഒഴിവാക്കാനും ഡീ ഫാക്റ്റോ യുഎസ് അറ്റോർണിയായി അനിശ്ചിതകാലത്തേക്ക് പ്രവർത്തിക്കാനും സാധിക്കും,” ഏകകണ്ഠമായ വിധിയിൽ കോടതി കുറിച്ചു.
ഈ വർഷം ട്രംപ് തൻ്റെ വിശ്വസ്തതയായ അലീന ഹബ്ബയെ യുഎസ് അറ്റോർണി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു, എന്നാൽ ഒരു ജില്ലാ കോടതി അവരുടെ നാമനിർദ്ദേശം നിരസിച്ചതിനെത്തുടർന്ന്, ട്രംപ് ഭരണകൂടം അവരെ ആക്ടിംഗ് അടിസ്ഥാനത്തിൽ ജോലിചെയ്യാൻ അനുവദിക്കുന്ന ഒരു റോളിലേക്ക് നിയമിച്ചു. യുഎസ് സെനറ്റിന്റെ സ്ഥിരീകരണത്തെ മറികടന്നുള്ള താൽക്കാലിക പോസ്റ്റിംഗ് ഫെഡറൽ വേക്കൻസി റിഫോം ആക്ടിന്റെ ലംഘനമാണെന്ന് അപ്പീൽ ജഡ്ജിമാർ പറഞ്ഞതോടെ ട്രംപിൻ്റെ നീക്കം പാളുകയായിരുന്നു.
കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനുള്ള എക്സിക്യൂട്ടീവ് ബ്രാഞ്ചിന്റെ പ്രധാന ഉത്തരവാദിത്തം നിർവഹിക്കാൻ ഏൽപ്പിച്ചിരിക്കുന്ന പ്രസിഡൻ്റിൻ്റെ അഭിഭാഷകരെ തിരഞ്ഞെടുക്കുന്നതിനെ എതിർക്കാൻ ജഡ്ജിമാർക്ക് കഴിയില്ല” എന്നും ബോണ്ടി എക്‌സിലൂടെ പ്രതികരിച്ചു. അലീനയുടെ ഭരണകാലത്ത്, ന്യൂവാർക്ക് സംസ്ഥാന തലസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ 20% കുറവ് ഉണ്ടായതായും കാംഡൻ നഗരം 50 വർഷത്തിനിടെ ആദ്യത്തെ വേനൽക്കാലം കൊലപാതകമില്ലാതെ കടന്നുപോയതായും അറ്റോർണി ജനറൽ പ്രശംസിച്ചു.
ഇതിനിടെ, ട്രംപ് നിയമിച്ച മറ്റ് നിരവധി യുഎസ് അഭിഭാഷകർ നിയമവിരുദ്ധമായി സേവനമനുഷ്ഠിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, പ്രധാനമായും അവരുടെ നിയമനങ്ങൾ സെനറ്റിന്റെ സ്ഥിരീകരണത്തെ മറികടക്കുന്നുണ്ട്.
Alina Habba resigns as New Jersey’s top prosecutor after court disqualifies her















