ആഗോളതലത്തില്‍ ആരോഗ്യത്തെ ഭയപ്പെടുത്തുന്ന ആല്‍ഫ-ഗാല്‍ സിന്‍ഡ്രോം വേഗത്തില്‍ പടരുന്നു, റെഡ് മീറ്റ് കഴിക്കുമ്പോള്‍ അധിക ശ്രദ്ധ വേണം

അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ അലര്‍ജിയുണ്ടാക്കുന്ന ആല്‍ഫ-ഗാല്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ ആഗോള തലത്തില്‍ വളരെവേഗം പടരുന്നതായി റിപ്പോര്‍ട്ട്. ചുവന്ന മാംസം അഥവാ റെഡ് മീറ്റുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ആല്‍ഫ-ഗാല്‍ സിന്‍ഡ്രോം (Alpha-gal syndrome – AGS) എന്നത് റെഡ് മീറ്റ് കഴിക്കുമ്പോള്‍ ശരീരത്തിന് അലര്‍ജി ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇത് പ്രധാനമായും മൃഗങ്ങളുടെ ശരീരത്തില്‍ കാണപ്പെടുന്ന ചെള്ളുകള്‍ പോലുള്ള ചെറുജീവികള്‍ കടിക്കുന്നതിലൂടെയാണ് പകരുന്നത്. ഇവയുടെ ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫ-ഗാല്‍ എന്നറിയപ്പെടുന്ന ഒരുതരം പഞ്ചസാര ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍, രോഗപ്രതിരോധ സംവിധാനം ഇതിനെതിരെ പ്രതികരിക്കുകയും റെഡ് മീറ്റ് കഴിക്കുമ്പോള്‍ അലര്‍ജി ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

മാംസത്തിനുമാത്രമല്ല പാലുല്‍പ്പന്നങ്ങള്‍ കഴിച്ചാലും ചൊറിച്ചിലും വയറുവേദനയും ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രതികരണങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും ഭക്ഷ്യവിഷബാധയാണെന്ന് തെറ്റിദ്ധരിക്കുന്ന ആല്‍ഫ-ഗാല്‍ സിന്‍ഡ്രോം ലോകമെമ്പാടും വളര്‍ന്നുവരുന്ന ഒരു ആശങ്കയാണ്. ഇതേക്കുറിച്ചുള്ള അവബോധം കുറവായതിനാല്‍, പല കേസുകളും രോഗനിര്‍ണയം നടത്താതെ പോയേക്കാം എന്നതും കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ശരിയായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഈ അലര്‍ജിയെക്കുറിച്ച് മനസ്സിലാക്കുന്നത് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാംസമോ പാലുല്‍പ്പന്നങ്ങളോ കഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് അസാധാരണമായ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, ആല്‍ഫ-ഗാല്‍ സിന്‍ഡ്രോം കാരണമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ഒരു ആരോഗ്യ സംരക്ഷണ വിദഗ്ദ്ധനെ സമീപിക്കുക.

യുഎസില്‍ മാത്രം ഏകദേശം 450,000 ആളുകളെ ഇത് ബാധിച്ചേക്കാം:
തെക്കന്‍ യുഎസില്‍ മാത്രമാണ് ഈ അവസ്ഥ ഉണ്ടായിരുന്നതെന്നാണ് മുമ്പ് വിശ്വസിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഈ അവസ്ഥ ലോകമെമ്പാടും വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം, 450,000 ആളുകളെ വരെ ഇത് ബാധിച്ചേക്കാം. ഇതിനോടകം എത്ര പേരെ ഈ അവസ്ഥ ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.