
വാഷിംഗ്ടണ്‍ : ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ശേഷം ഏതുനിമിഷവും തിരിച്ചടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ തയ്യാറെടുപ്പുകള്‍ നടത്തി ജാഗ്രതയില്‍ തുടരുകയാണ് യുഎസ്. യുഎസിന് നിലവില്‍ ഭീഷണിയില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും സ്ഥിതി മാറിയേക്കാമെന്ന് തീവ്രവാദ ഉപദേശക ബുള്ളറ്റിന്‍ മുന്നറിയിപ്പ് നല്‍കുന്നു.
‘ഇറാനിയന്‍ അനുകൂല ഹാക്കിവിസ്റ്റുകള്‍ യുഎസ് നെറ്റ്വര്‍ക്കുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും ഇറാനിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തകര്‍ യുഎസ് നെറ്റ്വര്‍ക്കുകള്‍ക്കെതിരെ ആക്രമണം നടത്തിയേക്കാമെന്നും’ മുന്നറിയിപ്പുണ്ട്.
നിലവില്‍ ഭീഷണികളൊന്നുമില്ലെങ്കിലും, സംഘര്‍ഷ സമയങ്ങളില്‍, രാജ്യത്തെ സുരക്ഷിതമായും വിവരദായകമായും നിലനിര്‍ത്തേണ്ടത് ഞങ്ങളുടെ കടമയാണെന്നും അതിനാലാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നതെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. ‘നിലവിലുള്ള ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം, സാധ്യമായ സൈബര്‍ ആക്രമണങ്ങള്‍, അക്രമ പ്രവര്‍ത്തനങ്ങള്‍, സെമിറ്റിക് വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ രൂപത്തില്‍ യുഎസിന് ഭീഷണിയുടെ സാധ്യത കൊണ്ടുവരുന്നു,’ എന്നും നോം ഞായറാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. 2020 മുതല്‍ അമേരിക്കയില്‍ ഇറാന്റെ പിന്തുണയോടെയുള്ള മാരകമായ നിരവധി ഗൂഢാലോചനകള്‍ നടന്നുവെന്നും യുഎസ് നിയമപാലകര്‍ അവ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍, നിലവിലുള്ള ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം അക്രമാസക്തരായ തീവ്രവാദികളെയും വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും പ്രേരിപ്പിച്ചേക്കാമെന്നും ബുള്ളറ്റിന്‍ എടുത്തുകാട്ടുന്നു.
‘അമേരിക്കയ്ക്കെതിരെ പ്രതികാര നടപടിഎടുക്കാന്‍ ഇറാനിയന്‍ നേതൃത്വം മതപരമായ വിധി പുറപ്പെടുവിച്ചാല്‍ കൂടുതല്‍ കരുതിയിരിക്കാനുള്ള അദിക നിര്‍ദേശങ്ങള്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് നല്‍കും. അതിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ജാഗ്രതാ മുന്നറിയിപ്പ്.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ശനിയാഴ്ച വൈകുന്നേരമാണ് യുഎസ് സൈനിക ആക്രമണം നടത്തിയത്. ഇതിനുപിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ‘ഭീകരതയെ പിന്തുണയ്ക്കുന്ന ലോകത്തിലെ ഒന്നാം നമ്പര്‍ രാഷ്ട്രം ഉയര്‍ത്തുന്ന ആണവ ഭീഷണി’ അവസാനിപ്പിക്കുക എന്നതായിരുന്നു അമേരിക്കയുടെ ഈ ഓപ്പറേഷന്റെ ലക്ഷ്യം. ഇറാന് പ്രതികാരം ചെയ്യരുതെന്നും ഇസ്രായേലുമായുള്ള യുദ്ധത്തില്‍ സമാധാന കരാറിനായി പ്രവര്‍ത്തിക്കണമെന്നും പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ‘സമാധാനം വേഗത്തില്‍ എത്തിയില്ലെങ്കില്‍’ മറ്റ് ഇറാനിയന്‍ സ്ഥലങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം, ജൂണ്‍ 13 ന് ഇറാനിയന്‍ ആണവ, സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതോടെ ആരംഭിച്ച ഇസ്രായേലിന്റെ ആക്രമണത്തില്‍ യുഎസ് പങ്കാളിയായാല്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 650 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 2,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലി സൈന്യത്തിന്റെ കണക്കുകള്‍ പ്രകാരം ഇസ്രായേലില്‍ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.