
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നതില്‍ ക്ഷോഭിച്ചാണ് ഇന്ത്യയ്ക്ക് 25 ശതമാനത്തിന്റെ അധിക താരിഫ് ട്രംപ് പ്രഖ്യാപിച്ചത്.
വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ്, ഗ്യാപ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ യുഎസ് റീട്ടെയിലര്‍മാരാണ് ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ച് യുഎസില്‍ നിന്നും ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്ക് കത്തുകളും ഇമെയിലുകളും ലഭിച്ചു. നികുതി ഭാരം വര്‍ദ്ധിച്ചതോടെ യുഎസിലേക്കുള്ള ഇറക്കുമതിക്ക് ചിലവേറും. ഉയര്‍ന്ന താരിഫുകള്‍ കാരണം ചെലവ് 30 ശതമാനം മുതല്‍ 35 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യുഎസിലേക്കുള്ള ഓര്‍ഡറുകളില്‍ 40 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവുണ്ടാക്കുകയും ഏകദേശം 4-5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക. 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 36.61 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയുടെ 28 ശതമാനവും അമേരിക്കയിലേക്കാണ്.