
വാഷിംഗ്ടൺ: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെത്തുടർന്ന് വിസ പ്രതിസന്ധിയിലായ ഇന്ത്യൻ യുവതി അമേരിക്കയോട് വൈകാരികമായി യാത്ര പറയുന്നതിന്‍റെ വീഡിയോ വൈറൽ. അനന്യ ജോഷി എന്ന യുവതിയാണ്, പുതിയ ജോലി കണ്ടെത്താൻ മാസങ്ങളോളം ശ്രമിച്ചിട്ടും വിജയിക്കാതെ വന്നതോടെ രാജ്യം വിടാൻ നിർബന്ധിതയായത്. കണ്ണീരോടെ വിടപറയുന്നതിന്‍റെ ദൃശ്യങ്ങൾ അനന്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു, ഇത് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
നിലവിൽ തന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി. അമേരിക്ക തന്‍റെ ‘ആദ്യ വീടായിരുന്നെന്നും’ ഇതുവരെ ലഭിച്ച നല്ല അനുഭവങ്ങൾക്ക് നന്ദിയുണ്ടെന്നും അനന്യ കൂട്ടിച്ചേർത്തു. നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2024-ൽ ബയോടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അനന്യ, തുടർന്ന് ഒരു ബയോടെക് സ്റ്റാർട്ടപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.
കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് തന്നെ പിരിച്ചുവിട്ടതെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. യുഎസിൽ തുടരുന്നതിന് ജോലി അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാല് മാസങ്ങൾക്ക് മുൻപ് അവർ ലിങ്ക്ഡ് ഇന്നിൽ സഹായം അഭ്യർഥിച്ചിരുന്നു. എങ്കിലും, അനുയോജ്യമായ ഒരു തൊഴിലവസരം കണ്ടെത്താൻ സാധിക്കാത്തതിനാൽ രാജ്യം വിടുകയല്ലാതെ മറ്റു വഴിയില്ലെന്ന തീരുമാനത്തിലേക്ക് അനന്യ എത്തുകയായിരുന്നു.