
വാഷിങ്ടന്‍ : യുക്രെയ്‌നിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ റഷ്യക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ റഷ്യ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പടിഞ്ഞാറന്‍ യുക്രെയ്‌നിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിക്കാണ് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. താന്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളെ തകര്‍ക്കുന്ന പ്രവൃത്തിയാണിതെന്നും ഈ യുദ്ധവുമായി ബന്ധപ്പെട്ട ഒന്നിലും താന്‍ സന്തുഷ്ടനല്ലെന്നും ട്രംപ് പ്രതികരിച്ചു. ആക്രമണത്തെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും അപലപിച്ചു.
മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് നടത്തിയെങ്കിലും ഇതുവരെയും വിജയിച്ചിട്ടില്ല. അടുത്തിടെ നടന്ന സമാധാന ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെയും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയെയും ട്രംപ് ഉള്‍പ്പെടുത്തിയെങ്കിലും ആ ശ്രമങ്ങളും പരാജയപ്പെട്ടു.