
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടന്ന എന്‍പിസി ശരീര സൗന്ദര്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി അമേരിക്കന്‍ മലയാളിയായ സിദ്ധാര്‍ഥ് ബാലകൃഷ്ണന്‍. പല വഴി നടന്നാണ് സിദ്ധാര്‍ഥ് ബോഡിബില്‍ഡിങ് പ്രൊഫഷനാക്കിയ സിദ്ധാര്‍ഥ് 25 വര്‍ഷത്തോളമായി യുഎസില്‍ ജീവിക്കുമ്പോഴും മലയാളത്തെയും ഭാരതീയ സംസ്‌കാരത്തേയും ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കുന്ന ഒരാളുകൂടിയാണ്. പ്രകടനത്തിനൊടുവില്‍ ഭാരതീയ രീതിയില്‍ കൈകള്‍ ചേര്‍ത്തുവച്ചു നമസ്‌കാരം പറഞ്ഞാണ് സിദ്ധാര്‍ഥ് വേദി വിട്ടത്.
എന്‍പിസി ഫിസിക് വിജയിയാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ താരമാണ് സിദ്ധാര്‍ഥ് ബാലകൃഷ്ണന്‍. മിസ്റ്റര്‍ യുണിവേഴ്‌സ് കിരീടനേട്ടത്തോടെ കാത്തിരുന്ന ‘പ്രൊ കാര്‍ഡ്’ ലഭിച്ചിരുന്നു സിദ്ധാര്‍ഥിന്. ബോഡിബില്‍ഡിങ്ങിലെ ഏറ്റവും വലിയ വേദിയായ മിസ്റ്റര്‍ ഒളിംപിയയിലേക്ക് ഇനി ഏതാനും ചുവടുകള്‍ മാത്രമാണു ഈ യുവാവിന്റെ മുന്‍പിലുള്ളത്.
യുഎസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട് സിദ്ധാര്‍ഥ്. 18ാം വയസ്സില്‍ താന്‍ യുഎസ് നേവിയില്‍ ചേര്‍ന്നെന്നും അഫ്ഗാനിസ്ഥാനില്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്നും യുവാവ് പറയുന്നു. ആരോഗ്യകരമായ ജീവിത രീതി പിന്തുടര്‍ന്ന തനിക്ക് എന്തുകൊണ്ട് ഇത് പ്രൊഫഷനാക്കി എടുത്തുകൂടായെന്ന ചിന്തി വപ്പോഴാണ് ബോഡിബില്‍ഡിങ്ങിലേക്കു മാറിയതെന്നും സിദ്ധാര്‍ഥ് മനസു തുറന്നു.
”ഒട്ടും എളുപ്പമല്ല, ഒരുപാടു ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും. രുചിയുള്ള ഒരുപാടു ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചാണ് അവന്‍ ലക്ഷ്യത്തിനായി ഇറങ്ങിത്തിരിച്ചത്.”
മകന്റെ സ്വപ്‌നങ്ങള്‍ക്കു കരുത്തു പകര്‍ന്ന് സിദ്ധാര്‍ഥിന്റെ രക്ഷിതാക്കള്‍ എന്നും ഒപ്പമുണ്ട്. ഒരുപാടു ത്യാഗങ്ങള്‍ക്കൊടുവിലാണ് മകന്‍ ഈ നേട്ടം കൈവരിച്ചതെന്ന് പിതാവ് കോട്ടയം നാഗമ്പടം സ്വദേശിയായ ബാലു മേനോന്‍ പറയുന്നു. ഉമയാണ് സിദ്ധാര്‍ഥിന്റെ അമ്മ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവര്‍ യുഎസിലേക്കു കുടിയേറിയവരാണ്. സിദ്ധാർഥിനു പിന്തുണയുമായി ഭാര്യ കോറിയും മകൾ ഹാർലിയും ഒപ്പമുണ്ട്.