
ന്യൂഡല്‍ഹി : ഇന്ത്യ തന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നും മാറ്റിയെടുത്തെന്നും കുറിച്ച അമേരിക്കന്‍ യുവതിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ. ഇന്ത്യയിലേക്ക് താമസം മാറിയ കണ്ടന്റ് ക്രിയേറ്ററായ ക്രിസ്റ്റന്‍ ഫിഷറിന്റെ അനുഭവങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.
നാല് വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് താമസം മാറിയ ക്രിസ്റ്റന്‍, അതിനുശേഷം തന്റെ ജീവിതത്തിലെ വന്ന ചില മാറ്റങ്ങള്‍ പങ്കുവെക്കുന്ന ഒരു വീഡിയോ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലെത്തിയതിന് പിന്നാലെ താന്‍ ആദ്യം പഠിച്ചത് പാചകം ചെയ്യാനാണെന്ന് അവര്‍ പറയുന്നു. ”ഞാന്‍ പലതരം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ പാചകം ചെയ്യാന്‍ പഠിച്ചു. എനിക്ക് അത് വളരെ ഇഷ്ടമാണ്, എനിക്ക് അത് മതിയാകുന്നില്ല. എനിക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ട്, പക്ഷേ ഞാന്‍ ഒരു നല്ല തുടക്കത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,” ക്രിസ്റ്റന്‍ പറയുന്നു. മാത്രമല്ല, താനൊരു വെജിറ്റേറിയനായെന്നും അവര്‍ പങ്കുവെച്ചു. ഒരു വലിയ മാറ്റം. ”ഞാന്‍ ഒരു സസ്യാഹാരിയായി, ഇവിടെ അത് അതിശയകരമാംവിധം എളുപ്പമാണ്. ഇന്ത്യ സസ്യാഹാരത്തില്‍ വളരെയധികം വൈവിധ്യം വാഗ്ദാനം ചെയ്യുന്നു, അതിനെക്കുറിച്ച് ഞാന്‍ ഇനി രണ്ടുതവണ പോലും ചിന്തിക്കുന്നില്ല,” എന്നായിരുന്നു തന്റെ അനുഭവത്തെക്കുറിച്ച് യുവതി പറഞ്ഞത്.
യുഎസിലേതുപോലെ ഒരാഴ്ച പഴക്കമുള്ള പച്ചക്കറിയൊന്നുമല്ല ഇന്ത്യയില്‍ ലഭിക്കുന്നതെന്നും ഇവിടെ തെരുവ് കച്ചവടക്കാരില്‍ നിന്ന് പുതിയതും പ്രാദേശികമായി ലഭിക്കുന്നതുമായ ഭക്ഷണം താന്‍ വാങ്ങാറുണ്ടെന്നും ക്രിസ്റ്റന്‍ പങ്കുവെച്ചു. താന്‍ സ്‌കൂട്ടര്‍ ഓടിക്കുന്നാന്‍ പഠിച്ചുവെന്നും ഹിന്ദി വശത്താക്കിയെന്നും സന്തോഷത്തോടെയാണ് ക്രിസ്റ്റന്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെ എണ്ണിയെണ്ണിയാണ് ഇവര്‍ ഇന്ത്യയുടെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. വീഡിയോയ്ക്ക് ഇന്ത്യക്കാരില്‍ നിന്നടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.