
അലാസ്ക: താരിഫിനെ ചൊല്ലി ഇന്ത്യ – യുഎസ് തകര്‍ച്ചയിലേക്ക് നീങ്ങുമ്പോൾ സംയുക്ത സൈനികാഭ്യാസത്തിനായി ഇന്ത്യൻ സേന അലാസ്കയിലെത്തി. ഇരുപത്തിയൊന്നാമത് ‘യുദ്ധ് അഭ്യാസ്’ എന്ന സംയുക്ത സൈനികാഭ്യാസത്തിനായാണ് ഇന്ത്യൻ സേന അലാസ്കയിലെ ഫോർട്ട് വെയ്ൻറൈറ്റിൽ എത്തിയത്. സെപ്റ്റംബർ 1 മുതൽ 14 വരെയാണ് പരിശീലനം നടക്കുന്നത്.
ഇന്ത്യൻ ആർമി സേനാംഗങ്ങൾ ഫോർട്ട് വെയ്ൻറൈറ്റിൽ എത്തിയ വിവരം വിദേശകാര്യ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. സൈനികാഭ്യാസത്തിന്റെ ചിത്രം സഹിതമാണ് പോസ്റ്റ് പങ്കുവെച്ചത്. യുഎസ് 11-ാമത് എയർബോൺ ഡിവിഷനിലെ സൈനികർക്കൊപ്പം ഹെലിബോൺ ഓപ്പറേഷൻസ്, പർവത യുദ്ധം, യുഎഎസ്/കൗണ്ടർ-യുഎഎസ്, സംയുക്ത തന്ത്രപരമായ പരിശീലനങ്ങൾ എന്നിവയിൽ ഏർപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് യുഎൻ പീസ് കീപ്പിംഗ് ഓപ്പറേഷനും മൾട്ടി-ഡൊമെയ്ൻ സജ്ജീകരണവും വർദ്ധിപ്പിക്കുമെന്നും അറിയിച്ചു.
മദ്രാസ് റെജിമെൻ്റിലെ ഒരു ബറ്റാലിയനാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അതേസമയം, യുഎസ് ആർട്ടിക് വൂൾവ്സ് ബ്രിഗേഡ് കോംബാറ്റ് ടീമിൻ്റെ കീഴിലുള്ള 11-ാമത് എയർബോൺ ഡിവിഷൻ്റെ ഭാഗമായ 1-ാമത് ബറ്റാലിയൻ, 5-ാമത് ഇൻഫൻട്രി റെജിമെൻ്റ് “ബോബ്കാറ്റ്സ്” എന്നിവയിൽ നിന്നുള്ള സൈനികരെയാണ് വിന്യസിച്ചത്.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ ഹെലിബോൺ ഓപ്പറേഷൻസ്, പർവത യുദ്ധം, രക്ഷാപ്രവർത്തനം, മെഡിക്കൽ സഹായം എന്നിവ ഉൾപ്പെടും. കൂടാതെ, പീരങ്കികൾ, വ്യോമയാനം, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റങ്ങൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ എന്നിവയും പരിശീലനത്തിൽ ഉൾപ്പെടുത്തും.