
വാഷിംഗ്ടൺ: ഇന്ത്യൻ രൂപയെ പരിഹസിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്. രൂപയ്ക്ക് ഡോളറിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 50 ശതമാനം താരിഫ് ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിൻ്റെ സമീപകാല നീക്കങ്ങൾക്ക് പിന്നാലെയാണ്, ഇന്ത്യൻ രൂപയുടെ ആഗോള റിസർവ് കറൻസി സാധ്യതകളെയും ഇന്ത്യൻ വ്യാപാര നയങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടുള്ള ഈ പ്രതികരണം. ഈ താരിഫുകൾ യുഎസ് വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കും.
ഇന്ത്യൻ രൂപയുടെ ആഗോള സാധ്യതകളെ സ്കോട്ട് ബെസന്റ് തരംതാഴ്ത്തിയാണ് സംസാരിച്ചത്. ഇന്ത്യ ഡോളറിന് പകരം രൂപയിൽ വ്യാപാരം നടത്തുമോ എന്ന് നിങ്ങൾക്ക് ആശങ്കയുണ്ടോ എന്ന ഫോക്സ് ന്യൂസ് അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തനിക്ക് പല കാര്യങ്ങളെക്കുറിച്ചും ആശങ്കയുണ്ട്. രൂപ ഒരു റിസർവ് കറൻസി ആവുന്നത് അതിലൊന്നല്ല. നിലവിൽ ഇന്ത്യൻ കറൻസി എക്കാലത്തെയും താഴ്ന്ന നിലയിലാണ് എന്നും ഇത് ആഗോള വ്യാപാരത്തിൽ ഡോളറിന്റെ ആധിപത്യം തുടരുന്നുവെന്നും ബെസന്റ് ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലെത്തിയിരുന്നു. 87.965-ലാണ് രൂപയുടെ മൂല്യം രേഖപ്പെടുത്തിയത്. അതേസമയം, യുഎസ്-ഇന്ത്യ ബന്ധം വളരെ സങ്കീർണ്ണമാണ് എന്ന് ബെസന്റ് വിശേഷിപ്പിച്ചെങ്കിലും, പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള വ്യക്തിപരമായ നല്ല ബന്ധം ചൂണ്ടിക്കാട്ടി ഭാവിയിലെ സഹകരണത്തിൽ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.