
സൗത്ത് കാരോലൈന: സൗത്ത് കാരോലൈനയിൽ 12 വയസ്സുകാരനായ ജെയ്സെൻ കാറിന് അമീബയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായി. ജെയ്സെൻ്റെ ജീവനെടുത്തത് അമീബ തലച്ചോറിനെ കാർന്നുതിന്നുന്ന അമീബയുടെ ആക്രമണം മൂലമാണെന്ന് കുടുംബം സ്‌ഥിരീകരിച്ചു. നെല്ലേറിയ ഫൗളേരി എന്നറിയപ്പെടുന്ന അമീബയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് വെളിപ്പെടുത്തൽ.
ഈ മാസം 18 നായിരുന്നു ജെയ്സെൻ്റ മരണം. കുട്ടിയുടെ ശരീരത്തിൽ ജൂലൈ ഏഴിന് അമീബ പ്രവേശിച്ചതായി സൗത്ത് കാരോലൈന പൊതുജനാരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. കൊളംബിയയ്ക്ക് സമീപമുള്ള മുറെ തടാകത്തിൽ നീന്തുന്നതിനിടെയാണു ജെയ്സെന്റെ ശരീരത്തിൽ അമീബ പ്രവേശിച്ചതെന്നാണു വിവരം. സങ്കൽപ്പിക്കാൻ സാധിക്കാത്ത നഷ്ടമാണ് ജീവിതത്തിലുണ്ടായിരിക്കുന്നതെന്നും ഈ സമയത്ത് ചേർത്ത് പിടിച്ചവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി ജെയ്സെന്റെ കുടുംബം അറിയിച്ചു.
1967 മുതൽ 2024 വരെ അമേരിക്കയിൽ നെഗ്ലേറിയ ഫൗളേരി അമീബ ബാധിച്ചതായി 167 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അമീബയെ അതിജീവിച്ച് ഇതിൽ നാലു പേർ മാത്രമാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അപൂർവങ്ങളിൽ അപൂർവമായ സംഭവമായതിനാൽ പൊതുജനാരോഗ്യത്തിന് നിലവിൽ ഭീഷണിയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. തടാകങ്ങളിലും നദികളിലും സാധാരണ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേരി അമീബ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് അപൂർവമാണ്.