കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ഭീഷണിയാകുന്നു, തലസ്ഥാനത്ത് വീണ്ടും മരണം; വീട്ടമ്മയുടെ ജീവൻ പൊലിഞ്ഞു, ഉറവിടം അജ്ഞാതം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ഭീഷണിയായി തുടരുന്നു. ഏറ്റവും ഒടുവിൽ തലസ്ഥാനത്ത് വീണ്ടുമൊരു ജീവൻ കൂടി പൊലിഞ്ഞു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മക്കാണ് അമീബിക്ക് മസ്തിഷ്ക ജ്വരം കാരണം ജീവൻ നഷ്ടമായത്. 77 വയസായിരുന്നു. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ഇവരുടെ രോഗബാധയ്ക്ക് കാരണമായ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം, കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ കൂടുതൽ ഈ മാസം മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനങ്ങൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് വിമർശമുണ്ട്. പാരിസ്ഥിതിക മാറ്റങ്ങൾ രോഗബാധയ്ക്ക് കാരണമാകുന്നുണ്ടോ എന്നറിയാൻ നടത്തേണ്ട പഠനത്തിൽ വ്യക്തതയില്ല. രോഗനിയന്ത്രണത്തിനുള്ള ശാസ്ത്രീയ ഇടപെടലുകളും വൈകുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക പടരുകയാണ്.

മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുളള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുളള സുഷികരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം അപൂർവവും എന്നാൽ ഗുരുതരവുമായ രോഗമാണ്, ഇത് മലിനജലത്തിലൂടെ പകരാം. ആരോഗ്യവകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാനും വൃത്തിഹീനമായ ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide