
ദില്ലി: അമേരിക്ക നാടുകടത്തിയവരിൽ സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയ 21കാരിയും. നാല് സഹോദരിമാരിൽ മൂത്ത കുട്ടിയായതിനാൽ കുടുംബത്തിനായി സമ്പാദിക്കാൻ ഇനിയും വിദേശത്തേക്ക് പോകാതെ വഴിയില്ലെന്നാണ് തിരിച്ചെത്തിയ മുസ്കാൻ പ്രതികരിച്ചത്. 2024 ജനുവരിയിലാണ് മുസ്കാൻ യുകെയിലേക്ക് സ്റ്റുഡൻറ് വിസയിൽ പോകുന്നത്. ഈ ജനുവരിയിൽ മെക്സിക്കോയിലേക്ക് പോയി. അവിടെ നിന്ന് ടിജുവാന അതിർത്തി കടന്ന് യുഎസിലെത്തുകയായിരുന്നു. ഏകദേശം 50 പേരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നതെന്ന് മുസ്കാൻ പറയുന്നു.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളായിരുന്നു ഇതിൽ കൂടുതൽ പേരും. അതിർത്തി കടന്നപ്പോൾ ഒരു ബസ് തങ്ങളെ ഒരു ക്യാമ്പിലേക്ക് കൊണ്ടുപോയി. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ബാഗുകളും മൊബൈൽ ഫോണുകളും കൊണ്ടുപോയി. അവർ നൽകിയ വസ്ത്രങ്ങൾ ധരിച്ചെന്നും യുവതി പറഞ്ഞു. യുഎസ് അതിർത്തി കടക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആരെയും കണ്ടിരുന്നില്ലെന്നും അവർ ക്യാമറയിലൂടെ തങ്ങളെ കണ്ടിട്ടുണ്ടാവാമെന്നും മുസ്കാൻ പറഞ്ഞു. ഒട്ടേറ ദിവസം ക്യാമ്പിൽ കഴിഞ്ഞു. മാന്യമായാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. നാട് കടത്താൻ പോവുകയാണെന്ന് അറിഞ്ഞില്ല.
മൂന്നു ദിവസം അമേരിക്കൻ സൈനിക വിമാനത്തിലായിരുന്നു. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടിരുന്നെങ്കിലും ഭക്ഷണം കഴിക്കാൻ അനുവദിച്ചു. അമൃത്‌സറിലേക്കുള്ള യാത്രയിലാണെന്ന് വിമാനത്തിൽ വെച്ചാണ് അറിഞ്ഞത്. ഈ രീതിയിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തേണ്ടി വന്നതിൽ സങ്കടമുണ്ടെന്നും മുസ്കാൻ കൂട്ടിച്ചേർത്തു. ജനുവരി മുതൽ തനിക്ക് കുടുംബത്തോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയയിലെ ഒരു ബന്ധുവിൽ നിന്നാണ് തന്നെ നാടുകടത്തിയ വിവരം അവർ അറിഞ്ഞെത്.. 45 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബം തന്നെ വിദേശത്തേക്ക് അയച്ചത്.
നിയമപരമായ വഴികളിലൂടെ തിരികെ വരാൻ യുഎസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ താൻ വിങ്ങിപ്പൊട്ടിയെന്നും മുസ്‌കാൻ പറഞ്ഞു. അതേസമയം, മുസ്കാന് ജോലി നൽകുന്ന കാര്യം സർക്കാരിൻറെ പരിഗണനയിലുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജിതേന്ദ്ര ജോർവാൾ അറിയിച്ചു.










